സ്വപ്നക്കായി വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്; ട്രേഡ് യൂനിയൻ നേതാവിൻെറ കാറിൽ രക്ഷപ്പെട്ടതായി സൂചന
text_fieldsകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂനിയന്‍ നേതാവിന്‍റെ കാറിലെന്ന് സൂചന. ബി.എം.എസ് നേതാവിൻെറ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറിലെന്ന് കസ്റ്റംസ് സംശയിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂനിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം. തിരുവനന്തപുരത്തും കൊച്ചിയിലും വീടുള്ള ട്രേഡ് യൂനിയൻ നേതാവിനെയാണ് സംശയം. ട്രേഡ് യൂനിയൻ നേതാവിന്‍റെ വീടും പരിസരവും കസ്റ്റംസ് നിരീക്ഷണത്തിലാണ്.
അതേസമയം, സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ ഫയലിങ് മുഖാന്തരമാണ് ഹരജി സമർപ്പിച്ചത്. നിരപരാധിയാണെങ്കിലും തന്നെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ. ബുധനാഴ്ച രാത്രി വൈകി സമർപ്പിച്ചതിനാൽ ഇന്നത്തെ പരിഗണനാ ലിസ്റ്റിൽ ഹരജി ഉൾപ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാകും ഹരജി കോടതിയുടെ പരിഗണനയിലെത്തുക.
സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ചിരിക്കുകയാണ് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിൻെറ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സരിത്തിൻെറ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
നിരവധി തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ പിടിയിലായ സരിത്താണ് സ്വര്‍ണക്കടത്തിലെ പ്രധാനിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഒപ്പം സ്വപ്‌നയ്ക്കും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് വിവരം.
അടുത്തിടെയുണ്ടായ സന്ദീപിൻെറ സാമ്പത്തിക വളര്‍ച്ച സ്വര്‍ണക്കടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വപ്‌നയെയും സന്ദീപിനെയും കൂടി കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ഉന്നത ബന്ധമുണ്ടോ എന്ന കാര്യം പുറത്ത് വരൂ. കേന്ദ്ര ഏജന്‍സികളും വിശദമായ വിവര ശേഖരണം നടത്തുന്നുണ്ട്. കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാറിനോട് അനുമതി തേടിയിട്ടുണ്ട്. ഇവരെ കൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.
ഇതിനിടെ സ്വപ്നക്കായി വിമാനത്താവളങ്ങിൽ മുന്നറിയിപ്പ് നൽകി. സ്വാഭാവിക നടപടിയുടെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.