വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്‌ന സുരേഷിന് 3.18 ലക്ഷം രൂപ ശമ്പളം; മാപ്പുസാക്ഷി ആക്കണമെന്ന് കൂട്ടുപ്രതി
text_fieldsതിരുവനന്തപുരം: സ്പേസ് പാർക്കിലെ ജോലിക്കായി സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തന്നെ മാപ്പുസാക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിൻ ദാസിന്‍റെ ഹരജി. അമൃത്‌സർ സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ സച്ചിൻ ദാസാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹരജി ഫയൽചെയ്തത്.
നിരപരാധിയാണെന്നും തനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാമെന്നും മാപ്പുസാക്ഷി ആക്കണമെന്നും ഹരജിയിൽ പറഞ്ഞു. കേസ് ഇന്ന് പരിഗണിക്കും.
ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ്, ദേവ് എജ്യുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് നേടിയത്. സച്ചിൻ ദാസാണ് ഇത് ശരിയാക്കി നൽകിയത്. കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു കീഴിലുളള സ്പേസ് പാർക്കിൽ ഈ സർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയ സ്വപ്ന, പ്രതിമാസം 3.18 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി വാങ്ങിനൽകിയത്.
ആറു മാസത്തിനിടെ 19,06,730 രൂപ ശമ്പളം വാങ്ങിയിരുന്നു. സർക്കാർ ഖജനാവിനു നഷ്ടമുണ്ടാക്കിയ സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.