സ്വപ്ന സുഹൃത്ത്, ഭീഷണിപ്പെടുത്തിയിട്ടില്ല; മുഖ്യമന്ത്രിയെ അറിയില്ലെന്ന് ഷാജി കിരൺ
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഷാജി കിരൺ. സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും എന്നാൽ, മുഖ്യമന്ത്രിയെ അറിയില്ലെന്നും ഷാജി കിരൺ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
സ്വപ്നയുമായി സൗഹൃദം മാത്രമാണുള്ളത്. പാലക്കാട്ടെ ഓഫീസിലെത്തിയാണ് സ്വപ്നയെ കണ്ടത്. എന്നാൽ, മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ പറഞ്ഞിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്നും ഉപദേശിച്ചു.
പ്രത്യാഘാതമുണ്ടാകുമെന്ന് സ്വപ്നയോട് പറഞ്ഞിട്ടുണ്ടെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും ഷാജി പറഞ്ഞു. സുഹൃത്തിന്‍റെ വാഹനത്തിലാണ് സ്വപ്നയെ സന്ദർശിച്ചത്. കെ.പി യോഹന്നാനുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സി.പി.എം നേതാക്കളുമായി പരിചയമില്ല. തന്‍റെ യഥാർഥ പേര് ഷാജ് കിരൺ എന്നാണ്. സുഹൃത്തുക്കൾ ഷാജി കിരൺ എന്ന് വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഷാജി കിരൺ എന്ന ആൾ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കെ.ടി ജലീലിന്‍റെ പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിലാണ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് താൻ വന്നതെന്ന് ഷാജി പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തുന്നു.
ഇന്നലെയാണ് ഷാജി കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി സമീപിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് മുമ്പ് മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഷാജി മുന്നറിയിപ്പ് നൽകി. അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് ഉണ്ടാകും. തന്‍റെ 10 വയസുള്ള മകൻ തനിച്ചാകുമെന്ന് ഭീഷണിപ്പെടുത്തി. ഷാജി സംസാരിച്ചതിന്‍റെ ശബ്ദരേഖ തന്‍റെ പക്കലുണ്ടെന്നും സ്വപ്ന സുരേഷ് വിവരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി അടുത്ത ബന്ധമുള്ള ആളാണ്. കെ.പി യോഹന്നാന്‍റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ വിദേശത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പറഞ്ഞാണ് ഷാജി കിരൺ സമീപിച്ചത്. യു.പി രജിസ്ട്രേഷനുള്ള 41R 0500 നമ്പർ ടൊയോട്ട കാറിലാണ് ഷാജി കിരൺ വന്നതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തി ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും പ്രേരണയാലാണ് മൊഴി നൽകിയതെന്ന് വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യണം. വിഡിയോ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും നിലവിലെ കേസിൽ ദീർഘകാലം ജയിലിൽ കിടക്കേണ്ടിവരും. ഷാജി കിരൺ ഭീഷണിപ്പെടുത്തിയതിന്‍റെ ശബ്ദരേഖ കൈവശമുണ്ട്. കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയാറാണ്. മൊഴി നൽകിയതിന് പിന്നാലെ വലിയ ഭീഷണി നേരിടുന്നതായും സ്വപ്ന ഹരജിയിൽ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.