നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് ഹൈകോടതി: സ്വപ്നയും സരിത്തുമടക്കം എട്ടുപേർക്ക് ജാമ്യം
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്തിന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമില്ലെന്നും പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമം (യു.എ.പി.എ) പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ഹൈകോടതി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിലെ മുഖ്യ പ്രതികളായ എട്ടുപേർക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, അഞ്ചാം പ്രതി കെ.ടി. റമീസ്, ആറാം പ്രതി കെ.എം. ജലാൽ, ഏഴാം പ്രതി പി. മുഹമ്മദ് ഷാഫി, പത്താം പ്രതി റബിൻസ് മുഹമ്മദ്, 11ാം പ്രതി കെ.ടി. ഷറഫുദ്ദീൻ, 12ാം പ്രതി മുഹമ്മദ് അലി എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽനിന്ന് 14.82 കോടി രൂപ വിലവരുന്ന 30.422 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിന് പുറമേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും തീവ്രവാദ പ്രവർത്തന നിരോധന നിയമപ്രകാരം എൻ.ഐ.എയും കേസെടുത്തിരുന്നു. എൻ.ഐ.എ കേസിൽ പ്രതികളുടെ ജാമ്യ ഹരജി എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
കേസിൽ വിദേശ ശക്തികൾ ഉൾപ്പെട്ടതായി സംശയിക്കുന്നതിനാൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന നിരീക്ഷണത്തിലാണ് വിചാരണ കോടതി ജാമ്യം നിഷേധിച്ചതെന്നും എന്നാൽ, തീവ്രവാദ പ്രവർത്തനത്തിന് തെളിവുകളില്ലാതെ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. തീവ്രവാദത്തിന് ധനസഹായം നൽകിയതായി തെളിവില്ല. യു.എ.പി.എ കുറ്റകൃത്യവുമായി ബന്ധപ്പെടുത്താനും ഒരു തെളിവും കണ്ടെത്തിയിട്ടില്ല. കള്ളക്കടത്ത് നടത്തിയെന്ന ആരോപണത്തിന് കസ്റ്റംസ് കേസല്ലാതെ യു.എ.പി.എ ചുമത്താനാവില്ല. ഒരു വർഷമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത തകർക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത നിലവാരമുള്ള കള്ളനോട്ടുകളും കള്ളനാണയങ്ങളും മറ്റും കടത്തുന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് വ്യക്തമാക്കുന്ന യു.എ.പി.എ നിയമത്തിലെ 15 (1)(എ) (iiiഎ) വകുപ്പ് പ്രതികൾക്ക് ബാധകമാണെന്നായിരുന്നു എൻ.ഐ.എയുടെ വാദം. എന്നാൽ, സ്വർണക്കടത്തിനെ തെളിവുകളില്ലാതെ ഈ വകുപ്പിെൻറ കീഴിൽ കൊണ്ടുവരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വർണക്കടത്തിലൂടെ സമ്പാദിച്ച തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നോ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി പ്രതികൾക്ക് ബന്ധുമുണ്ടെന്നോ കണ്ടെത്താൻ അന്വേഷണത്തിലൂടെ കഴിഞ്ഞിട്ടില്ല.
രാജ്യത്തിെൻറ സാമ്പത്തിക സുരക്ഷക്കും സ്ഥിരതക്കും കോട്ടം വരുത്തുന്ന പ്രവൃത്തികളിൽ ഇവർ ഏർപ്പെട്ടിരുന്നതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ല. സാക്ഷിമൊഴികളിലും ഇത് വെളിപ്പെടുന്നില്ല. മറ്റേതെങ്കിലും തരത്തിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിലോ മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ തള്ളിയ സ്പെഷൽ കോടതി വിധിയിലോ പറയുന്നില്ല. സ്വർണക്കടത്തിലൂടെ സമ്പാദിച്ച തുക തീവ്രവാദ പ്രവർത്തനങ്ങൾക്കുപയോഗിച്ചതായി രേഖകളിലോ ആരോപണങ്ങളിലോ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനം മാത്രമാണിതെന്നും പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കുമോയെന്ന് വിചാരണ വേളയിൽ പ്രത്യേക കോടതി തീരുമാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാന ജാമ്യ വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.