സ്വപ്നയുടെ ആരോപണങ്ങൾ നട്ടാൽ കുരുക്കാത്ത നുണകളെന്ന് ജലീൽ
text_fieldsകൊച്ചി: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ.ടി. ജലീൽ. സ്വപ്ന പറയുന്നതെല്ലാം നട്ടാൽ കുരുക്കാത്ത നുണകളാണെന്ന് ജലീൽ പറഞ്ഞു. മാധവ വാര്യർ തന്റെ ബിനാമിയാണെന്നത് അടക്കമാണ് ആരോപണം.
മാധവ വാര്യരെ എനിക്കറിയാം. തിരുനാവായക്കാരനാണ്. ബോംബെയിലെ വ്യവസായിയാണ്. അദ്ദേഹം നടത്തുന്ന വാര്യർ ഫൗണ്ടേഷൻ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും സൗജന്യമായും വീട് നിർമിച്ച് നൽകിയിട്ടുണ്ട്. എച്ച്. ആർ.ഡി.എസിന് വേണ്ടി അട്ടപ്പാടിയിൽ 200ലധികം വീടുകൾ നിർമിച്ചിട്ടുണ്ട്. അതിന് നൽകണ്ടേ പ്രതിഫലം നൽകാതെ വണ്ടിച്ചെക്ക് നൽകിയതിന് എച്ച്.ആർ.ഡി.എസിനെതിരെ ബോംബെ കോടതിയിൽ 2022ൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ അവരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ കേസിനോട് കൂട്ടിച്ചേർത്തത്.
തനിക്ക് മാധവവാര്യരുമായി സുഹൃത് ബന്ധമാണുള്ളത്. അദ്ദേഹം നടത്തുന്ന ബാലമന്ദിരത്തിലെ പരിപാടികളിൽ പോയിട്ടുണ്ട്. പാലക്കാട്ടെ കുമ്പിടിയിൽ പാവപ്പെട്ടവർക്കായി വാര്യർ ഫൗണ്ടേഷൻ നിർമിച്ച വീടുകളുടെ സമുച്ചയം മന്ത്രിയായിരിക്കെ താനാണ് ഉദ്ഘടാനം ചെയ്തത്. അതിനപ്പുറം ഒരു തരത്തിലുമുള്ള ബന്ധവും ഇല്ല. എന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകൾ പരിശോധിച്ചാൽ മനസിലാകുമെന്നും ജലീൽ പറഞ്ഞു.
സ്വപ്ന എന്തൊക്കെയോ വിളിച്ചു പറയുകയാണ്. അതിന് ഒരു വിലയും കൊടുക്കേണ്ടതില്ല. വ്യക്തിപരമായ ഒരു കാര്യവും ഒരാളോടും പറയാൻ ഇഷ്ടപെടാത്തയാളാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള ഭരണകർത്താവിനെ കുറിച്ചാണ് നട്ടാൽ മുളക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നത്. താൻ നേരത്തെ കൊടുത്ത കേസിൽ ഇക്കാര്യം കൂടി കൂട്ടിച്ചേർക്കും. ആരൊക്കെയാണ് ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അതോടുകൂടി ജനങ്ങൾക്ക് ബോധ്യമാകുമെന്നും ജലീൽ പറഞ്ഞു.
പ്രവാചക നിന്ദയെ തുടർന്ന് ഇന്ത്യ ഒറ്റപ്പെട്ട സാഹചര്യമാണുള്ളത്. അതിന് ആക്കം കൂട്ടാനെ ഇത്തരത്തിലുള്ള അബദ്ധ ജടിലമായ ജൽപ്പനങ്ങൾ ഉപകാരപ്പെടുകയുള്ളു. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇതൊന്നും ചോദ്യം ചെയ്യാത്തത്. അവർ പറയുമ്പോൾ വെണ്ടക്ക നിരത്തുകയും മറുപടി ചെറുതാക്കുകയും ചെയ്യുന്നത് കാലങ്ങളായി തുടർന്നു വരുന്ന സമീപനമാണെന്നും ജലീൽ പറഞ്ഞു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവൻ വാര്യർ കെ.ടി ജലീൽ എം.എൽ.എയുടെ ബിനാമിയാണെന്നായിരന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റുകൾ വഴി ഈത്തപ്പഴവും മതഗ്രന്ഥവും എത്തിച്ചപ്പോൾ അത് കൈകാര്യം ചെയ്യാൻ കെ.ടി ജലീൽ ഏൽപ്പിച്ചത് മാധവൻ വാര്യരെയായിരുന്നുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.