'ജലീലിന്റെ കുറ്റങ്ങൾ വെളിപ്പെടുത്തുന്നത് തടയാനാണ് കേസ്'; റദ്ദാക്കണമെന്ന് സ്വപ്ന
text_fieldsകൊച്ചി: മുൻമന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നയതന്ത്ര ബാഗേജ് കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈകോടതിയിൽ.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന് കാട്ടി ജലീൽ നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് പരാതി നൽകുകയും അതിന് പിന്നാലെ കേസെടുക്കുകയും ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നക്കെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചത് കൊണ്ടോ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതുകൊണ്ടോ ഇങ്ങനെയൊരു കുറ്റം ചുമത്താനാവില്ല.
രാഷ്ട്രീയ പ്രതിഷേധങ്ങളെ കലാപ ശ്രമമായാണ് പൊലീസ് ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനിനെറ്റോ എന്നിവർക്കു പുറമേ പല ഉദ്യോഗസ്ഥരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ഈ വസ്തുതകളെല്ലാം വ്യക്തമാക്കി മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ഇരകൾക്ക് സംരക്ഷണം നൽകാനുള്ള 2018 ലെ വിക്ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ട്. ഇതനുസരിച്ച് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കോടതി രേഖകളുടെ ഭാഗമായിക്കഴിഞ്ഞ സത്യവാങ്മൂലം പൊതുരേഖയായതിനാൽ അതിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമല്ലെന്നും ഹരജിയിൽ പറയുന്നു.
നേരത്തേ കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്നയും പി.എസ്. സരിതും നൽകിയ ഹരജികൾ കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.