മുഖ്യമന്ത്രിയും കുടുംബവും കേരളത്തെ വിറ്റുതുലയ്ക്കാൻ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്, ശിവശങ്കർ അറസ്റ്റിലായതിൽ സങ്കടം
text_fieldsമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. മുഖ്യമന്ത്രിയും കുടുംബവും കേരളത്തെ വിറ്റുതുലയ്ക്കാൻ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഇനി ഒരുപാട് കാര്യങ്ങൾ പുറത്ത് വരും. മുഖ്യമന്ത്രിയുടെ ഭാര്യ കമലാ മാഡത്തിനും മകൾ വീണക്കും യു.ഇ.എയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന മകനും ഇതിൽ നിർണായക പങ്കുണ്ടെന്ന് സ്വപ്ന ആരോപിച്ചു. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഇ.ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ശിവശങ്കർ വാ തുറന്നാൽ എല്ലാ കാര്യങ്ങളും വ്യക്തമാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ എല്ലാം മനസിലാക്കാൻ കഴിയും. ശിവശങ്കറുമായി പ്രത്യേക റിലേഷൻഷിപ്പ് ഉണ്ടായിരുന്നതു കൊണ്ട്, എനിക്ക് അനുസരിക്കാൻ മാത്രമെ കഴിയുമായിരുന്നുള്ളൂ. നമ്മളെ ഉപയോഗിക്കുകയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കർ അറസ്റ്റിലായതിൽ സങ്കടം. ഇത്തരം വിഷയത്തിൽ ഏറ്റവും കൂടുതൽ സാഹായിച്ചത് ശിവശങ്കറും സി.എം. രവീന്ദ്രനുമാണ്. എല്ലാം കാത്തിരുന്നു കാണാം. ഞാനിതിൽ വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ല. വാങ്ങുന്ന ശമ്പളത്തിന് അനുസരിക്കണം.
ശിവശങ്കർ വായ തുറക്കേണ്ടിവരും. സത്യം വെളിയിൽ വരണം. പുതുതായി പ്രതിയാക്കപ്പെട്ട യദു കൃഷ്ണണനെ കുറിച്ച് വ്യക്തിപരമായി അറിയില്ല. ഈ കേസ് മുന്നോട്ട് പോകണമെങ്കിൽ ഞാൻ കൂടി പ്രതിയാകണം. എനിക്ക് ഏത് നിമിഷവും നോട്ടീസ് ലഭിച്ചേക്കാം. വെറും വാർത്ത കൊടുക്കുന്നതിനു പകരം ഇതിനുപിന്നാലെ പോകണമെന്ന് സ്വപ്ന മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
കൃത്യമായി അന്വേഷണം നടത്തിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു. ഇപ്പോൾ ഇ.ഡി ശരിയായ രീതിയിലാണ് പോകുന്നത്. അവരോട് പൂർണമായും സഹകരിക്കുമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.