ഉടുതുണിക്ക് മറുതുണിയില്ലാതെ അലയേണ്ടിവന്നാലും മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് സ്വപ്ന
text_fieldsതിരുവനന്തപുരം: അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെ വേട്ടയാടുന്നുവെന്ന് സ്വപ്ന സുരേഷ്. ഗൂഢാലോചന കേസിൽ മൊഴിയെടുക്കാൻ വിളിച്ചിട്ട് തന്നോട് വീണാ വിജയന്റെ സാമ്പത്തിക ഇടപാടിന്റെ തെളിവുകളാണ് ചോദിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
തെളിവുകൾ ഇ.ഡിയുടെ കൈവശം നൽകിയതാണ്. അവ വെളിപ്പെടുത്താനാകില്ല. 164 പ്രകാരം നൽകിയ മൊഴി എന്താണെന്നും 164 മൊഴിക്ക് സാധുതയില്ലെന്നും പറയുന്നു. സാധുതയില്ലെങ്കിലും തനിക്ക് പറയാനുള്ളത് എവിടെയെങ്കിലും പറയണ്ടേ.
കൃഷ്ണരാജ് വക്കിലീന്റെ സ്വാധീനമാണ് തനിക്കെന്നും അദ്ദേഹത്തിന്റെ വക്കാലത്ത് ഒഴിയണമെന്നും എച്ച്.ആർ.ഡി.എസിലെ ജോലി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും സ്വപ്ന പറഞ്ഞു.
ക്രൈംബ്രാഞ്ചിനെ അനുസരിച്ചില്ലെങ്കിൽ 770 കലാപക്കേസുകളുണ്ടെന്നും അവയിൽ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ്. ക്രൈംബ്രാഞ്ച് ഈ ഉപദ്രവം നിർത്തണം. ഗൂഢാലോചന കേസിൽ ഞാൻ സഹകരിക്കാം.
ജോലിയില്ലാതെ തെരുവിൽ അലയേണ്ടി വന്നാലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും താൻ മൊഴിയിൽ ഉറച്ചു നിൽക്കും. ഈ കേസിലെ സത്യം തെളിയുന്നതിനായി അങ്ങേഅറ്റംവരെ പൊരുതും. ജനങ്ങൾക്ക് സത്യം മനസിലാകുമെന്നും സ്വപ്ന പറഞ്ഞു.
ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചിട്ടില്ല. തന്റെയും മകന്റെയും ഫോൺ ആവശ്യപ്പെട്ടു. അത് നൽകിയിട്ടുണ്ട്. അത് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം 2022ൽ വാങ്ങിയ ഫോണാണ്. അതിന് ഈ കേസുമായി ഒരു ബന്ധവുമില്ല. എന്നിട്ടും അവർ ആവശ്യപ്പെട്ടപ്പോൾ നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
വീണാ വിജയന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് നൽകിയ തെളിവുകളുടെ കോപ്പികൾ തന്റെ കൈവശമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.