സർക്കാർ പദ്ധതികളുടെ പേരിലും സ്വപ്ന കമീഷൻ വാങ്ങിയെന്ന് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സർക്കാർ പദ്ധതികളുടെ പേരിലും വിവിധ ഏജൻസികളിൽനിന്ന് കമീഷൻ കൈപ്പറ്റിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വപ്ന സുരേഷിെൻറ ബാങ്ക് ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരു കോടി അമ്പത്തിനാല് ലക്ഷം രൂപ കമീഷനായി കിട്ടിയതാണെന്ന് കേന്ദ്ര ഏജൻസികളാണ് കണ്ടെത്തിയത്.
സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിന് ഒരു കോടി രൂപയും കോൺസുലേറ്റിലെ വിസ- സ്റ്റാമ്പിങ് നടപടികൾക്ക് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതിന് 50 ലക്ഷവും കമീഷൻ ലഭിച്ചത്രെ.യു.എ.ഇയിലെ സന്നദ്ധസംഘടനയായ എമിറേറ്റ്സ് റെഡ് ക്രസൻറ് പ്രളയപുനർനിർമാണത്തിെൻറ ഭാഗമായി കേരളത്തിന് ഒരു കോടി ദിർഹം സഹായം പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാറുമായി ചേർന്ന് യു.എ.ഇ കോൺസുലേറ്റാണ് ഇതിെൻറ നടപടി ഏകോപിപ്പിച്ചത്. യു.എ.ഇ കോൺസുൽ ജനറലിെൻറ സാന്നിധ്യത്തിൽ കഴിഞ്ഞവർഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഇതിൽ സ്വപ്ന ഇടപെട്ടാണ് കമ്പനിക്ക് നിർമാണകരാർ നൽകിയത്. ഇതിനുള്ള പാരിതോഷികമായാണ് ഒരു കോടി ലഭിച്ചതെന്നാണ് വിവരം. എന്നാൽ, പണം കിട്ടിയത് കോൺസുലേറ്റിലെ പ്രമുഖനാണെന്ന മൊഴിയാണ് സ്വപ്നയുടേത്.
തനിക്ക് വീടുവെക്കാൻ പ്രമുഖൻ ഒരു കോടി രൂപ നൽകിയെന്നും മൊഴിയിലുണ്ട്. രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽനിന്നാണ് കമീഷൻ ഇനത്തിൽ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് അടുത്ത മൊഴി. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിന് രണ്ട് മണി എക്സ്ചേഞ്ച് കരാർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമീഷൻ കിട്ടിയെന്നാണ് മൊഴി. ഇതിനുപുറമെ സർക്കാറുമായി ബന്ധപ്പെട്ട ചില ഐ.ടി പദ്ധതികളുടെ പേരിലും സ്വപ്ന കമീഷൻ തട്ടിയെന്ന് സംശയിക്കുന്നുണ്ട്. ഒരു ഫ്ലാറ്റ് നിർമാണ കമ്പനി ഉടമയുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും സർക്കാർ പദ്ധതികൾക്കായി കണ്ടെത്തിയ പല ഭൂമികളും ഇവർ ഇടപെട്ട് മറിച്ചുവിറ്റതായുള്ള സംശയവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.