സ്വപ്ന സുരേഷിന്‍റെ ആരോപണം: ജനത്തെ അണിനിരത്തി പ്രതിരോധിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചയുണ്ടെന്നും രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കലാണ് ലക്ഷ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ആരോപണങ്ങൾ ജനത്തെ അണിനിരത്തി നേരിടും. വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇടതുമുന്നണിയിലും വിഷയം ചർച്ച ചെയ്യും. ഗൂഢപദ്ധതി പൊളിച്ചുകാട്ടാൻ വിപുലമായ കാമ്പയിനാകും നടത്തുകയെന്ന് യോഗശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തുന്ന സംഘടിത ആക്രമണമാണിത്. ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യവും ഗൂഢാലോചന എന്താണെന്നും അത് ആര് നടത്തിയെന്നും കണ്ടെത്തണം. രാഷ്ട്രീയ അസ്ഥിരതക്കും സംഘർഷങ്ങളും കലാപവുമുണ്ടാക്കാനുമാണ് വീണ്ടും ഇത് കുത്തിപ്പൊക്കിയത്. 164 പ്രകാരമുള്ള മൊഴി രഹസ്യരേഖയാണെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും സർക്കാറിനൊപ്പം നിൽക്കുന്നവർക്കുമെതിരെ പ്രചാരണത്തിനാണ് ശ്രമിച്ചത്. ശരിയായ ആരോപണം ആർക്കും ഉന്നയിക്കാം. ആരോപണത്തിന് പിന്നാലെ കലാപത്തിന് ശ്രമം നടന്നത് ഇത് ആസൂത്രിതമാണെന്നതിന്‍റെ തെളിവാണ്. പാർട്ടിക്ക് പുതിയ സാഹചര്യങ്ങളിൽ ആശങ്കയില്ല. ഏത് ഏജൻസിയും ആരോപണങ്ങൾ അന്വേഷിക്കട്ടെ. ഞങ്ങൾ ഭയന്ന് ജീവിക്കുന്നവരല്ല. സ്വപ്ന സുരേഷിന് പിന്നിൽ പലരുമുണ്ട്.
സ്വപ്നയുടെ മൊഴി വൈരുധ്യം നിറഞ്ഞതാണ്. ശിവശങ്കരന് സ്വർണക്കടത്തിൽ ബന്ധമില്ലെന്ന് എട്ട് തവണ മൊഴി നൽകിയിരുന്നു. 2020 നവംബർ പത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്ന് ഒന്നരവർഷം മുമ്പ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നു എന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബവുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് പറഞ്ഞു. ഇതൊക്കെ ഇപ്പോൾ മാറ്റിപ്പറയുന്നു. വൈരുധ്യമുള്ള മൊഴികൾ കോടതി പരിശോധിക്കണം. -കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.