'ക്ഷേത്രത്തിൽ വെച്ച് താലിചാർത്തി, ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞു, ഞാൻ ശിവശങ്കറിന്‍റെ പാർവതിയായിരുന്നു'
text_fieldsമുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വെച്ച് തനിക്ക് താലി ചാർത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 'ചതിയുടെ പത്മവ്യൂഹം' എന്ന പേരിൽ പുറത്തിറങ്ങുന്ന സ്വപ്നയുടെ പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ചെന്നൈ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വെച്ചാണ് ശിവശങ്കർ തനിക്ക് താലിചാർത്തിയത്. ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുനൽകിയാണ് നിറുകയിൽ കുങ്കുമം ചാർത്തിയത്. താൻ ശിവശങ്കറിന്‍റെ പാർവതിയായിരുന്നെന്നും സ്വപ്ന സുരേഷ് പുസ്തകത്തിൽ പറയുന്നു.
ഔദ്യോഗിക യാത്ര എന്ന നിലയിൽ തമിഴ്നാട്ടിൽ പോയപ്പോഴാണ് ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായി എൻ.ഐ.എ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.
മുൻ മന്ത്രി ലൈംഗിക താൽപ്പര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും താൻ വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
തൃശൂർ കറന്റ് ബുക്സാണ് 'ചതിയുടെ പത്മവ്യൂഹം 'പുറത്തിറക്കിയത്. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡി.ഐ.ജി അജയകുമാർ എന്നിവർക്കെതിരെയും ആരോപണങ്ങളുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാറിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം മുമ്പ് താൻ റിക്കോർഡ് ചെയ്തത് എൽ.ഡി.എഫിനു തുടർഭരണം ഉണ്ടാവാനായിരുന്നു എന്നാണ് സ്വപ്ന അവകാശപ്പെടുന്നത്.
സ്വർണക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ നേരത്തെ എം ശിവശങ്കറും വെളിപ്പെടുത്തലുമായി പുസ്തകം ഇറക്കിയിരുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകമാണ് ശിവശങ്കർ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി സ്വപ്നയും പുസ്തകം ഇറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.