ഉഷ്ണതരംഗം: ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഏറെ, കൂടുതൽ ദുരിതത്തിൽ പാലക്കാട്ടുകാർ
text_fieldsതിരുവനന്തപുരം: വേനൽ ചൂട് അനിയന്ത്രിതമായതോടെ, കേരളത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ഏറുന്നു. ഇതുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടർന്ന് ഏപ്രിലിൽ ആയിരത്തോളം പേർ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടി. കേരളത്തെ ഉഷ്ണതരംഗം ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഏപ്രിൽ 25 വരെ 850 പേർ ആശുപത്രികളിലെത്തിയതായാണ് കണക്ക്.
ഉഷ്ണ സംബന്ധിയായ രോഗ ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതത് പാലക്കാട് ജില്ലയിൽ നിന്നാണ്. താപനില ഏറെക്കാലമായി ഒന്നാമതുള്ളതും സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിൻ്റെ വെല്ലുവിളി ആദ്യമായി നേരിട്ടതും പാലക്കാടാണ്. പാലക്കാട് 256, എറണാകുളത്ത് 151, കോട്ടയത്ത് 139, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ 76 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇവരിൽ 370 പേർ 21നും 50നും ഇടയിൽ പ്രായമുള്ളവരാണ്. തൊഴിൽപരമായ കാരണങ്ങളാൽ സൂര്യപ്രകാശം ഏൽക്കാനുള്ള സാധ്യതയുള്ളവരാണ് പ്രധാനമായും വേനൽ ചൂടിന്റെ പിടിയിലുള്ളത്. 51നും 70നും ഇടയിൽ പ്രായമുള്ള 289 പേരാണ് ആശുപത്രിയെ സമീപിച്ചത്. 70 വയസും അതിൽ കൂടുതലുമുള്ളവരിൽ 40 പേരും 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ 106 പേരുമാണുള്ളത്. എന്നാൽ, ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിനങ്ങളിൽ കൂടുതൽ പേർക്ക് ചൂട് പ്രശ്നമാകുമെന്നാണ് ആരോഗ്യരംഗത്തുള്ളവർ കണക്ക് കൂട്ടുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമാണ് സൂര്യാഘാതമേറ്റ് മരണം സ്ഥിരീകരിക്കുന്നത്. നിലവിൽ സൂര്യാഘാതം മൂലമുള്ള രണ്ട് മരണം മാത്രമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സംശയാസ്പദമായി മരിച്ചവരുടെ റിപ്പോർട്ടുകൾക്കായി അധികൃതർ കാത്തിരിക്കുകയാണ്. ഉഷ്ണതരംഗം സ്ഥിരീകരിച്ചതിന് ശേഷം മെയ് മാസത്തിൽ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കായി ആരോഗ്യവിഭാഗം വിപുലമായ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.