സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങി; പ്രതിപക്ഷ സംഘടനകൾ ബഹിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾക്കായി രൂപവത്കരിച്ച സ്വിഫ്റ്റിന്‍റെ ബസ് സർവിസ് തുടങ്ങി. തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബസിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കെ.എസ്.ആർ.ടി.സിയെ അഭിവൃദ്ധിയിലെത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കും സർക്കാറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി നല്ല നാളെയിലേക്ക് കുതിക്കുകയാണ്. ഇതിന് എല്ലാവരും ആകാവുന്ന പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥക്കിടയിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. സ്വിഫ്റ്റിന് കീഴിലെ ബസുകളെല്ലാം തമ്പാനൂരിൽ അണിനിരത്തിയിരുന്നു. ബംഗളൂരുവിലേക്കുള്ള ബസാണ് ആദ്യം പുറപ്പെട്ടത്. ചൊവ്വാഴ്ച മുതൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ നഗരങ്ങളിലേക്ക് സ്വിഫ്റ്റ് സർവിസ് ആരംഭിക്കും.
മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിച്ചു. ഗ്രാമവണ്ടി ഗൈഡ് പ്രകാശനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. സി.എം.ഡി ബിജു പ്രഭാകർ സ്വാഗതം പറഞ്ഞു. ടി.ഡി.എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആര്‍. ശശിധരന്‍, ബി.എം.എസിന്‍റെ കെ.എസ്.ടി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് എന്നിവര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.
സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് 116 ബസുകളാണ് സ്വിഫ്റ്റിനായി വാങ്ങിയത്. ഇതിൽ 28 എണ്ണം എ.സിയാണ്. എട്ടെണ്ണം എ.സി സ്ലീപ്പറും 20 എണ്ണം എ.സി സെമി സ്ലീപ്പറുമാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.
ഡ്രൈവർ കം കണ്ടക്ടർ വിഭാഗത്തിലായി 319 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടേതിൽനിന്ന് വ്യത്യസ്തമായി സ്വിഫ്റ്റ് ബസിന്‍റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറമുള്ള ഷർട്ടും കറുത്ത പാന്റ്സുമാണ് യൂനിഫോം. സ്വകാര്യ കോൺട്രാക്ട് കാര്യേജുകളുടെ മാതൃകയിൽ ടിക്കറ്റ് റിസർവേഷന് സ്വകാര്യ ഫ്രാഞ്ചൈസികളെ ചുമതലപ്പെടുത്താനുള്ള നടപടികളും കെ.എസ്.ആർ.ടി.സി തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.