കാറിൽ സ്വിമ്മിങ് പൂൾ: സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തതായി റിപ്പോർട്ട് ഹൈകോടതിയിൽ
text_fieldsകൊച്ചി: കാറിനകത്ത് സ്വിമ്മിങ് പൂൾ സജ്ജമാക്കി പൊതുനിരത്തിലൂടെ ഓടിച്ച സംഭവത്തിൽ വ്ലോഗർക്കും സുഹൃത്തുക്കൾക്കുമെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു. ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടെക്കി എന്ന ടി.എസ്. സജുവിനും സുഹൃത്തുക്കൾക്കുമെതിരെ കോടതി സ്വമേധയാ എടുത്ത കേസിലാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെന്നും നിയമലംഘനം ചൂണ്ടിക്കാട്ടി മണ്ണഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വിമ്മിങ് പൂൾ സജ്ജമാക്കിയ ടാറ്റാ സഫാരി വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചു. വാഹനം ഓടിച്ചയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സഞ്ജു ടെക്കി, സൂര്യനാരായണൻ, കാറിൽ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവർക്ക് എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു ദിവസത്തെ പരിശീലനവും ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരാഴ്ചത്തെ കമ്യൂണിറ്റി ട്രെയിനിങ്ങും നിർദേശിച്ചു.
യു ട്യൂബിൽ 15.9 ലക്ഷം വരിക്കാരുള്ള സഞ്ജു 812 വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. സ്വിമ്മിങ് പൂൾ ഒരുക്കിയ കാറുമായി കൊമ്മാടി ഭാഗത്ത് യാത്രചെയ്യുന്ന വിഡിയോ മേയ് 17നാണ് പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.