കാർ സ്വിമ്മിങ് പൂളാക്കി ഷോ കാണിച്ച യൂട്യൂബർക്കും സംഘത്തിനും ‘എട്ടിന്റെ പണി’
text_fieldsഅമ്പലപ്പുഴ: കാർ സ്വിമ്മിങ് പൂളാക്കി മാറ്റി ഷോ കാണിച്ച യൂട്യൂബർക്കും സംഘത്തിനും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ച സേവനം നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ്. യൂട്യൂബർ കലവൂർ സ്വദേശി സഞ്ജു ടെക്കി എന്നറിയപ്പെടുന്ന സഞ്ജുവിനും സംഘത്തിനുമെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് നടപടിയെടുത്തത്.
ഈ മാസം 17നായിരുന്നു സംഭവം. KL4 AR 8741 എന്ന തന്റെ ഏഴുസീറ്റുള്ള ടാറ്റ സഫാരി കാറിൽ സഞ്ജുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് മധ്യഭാഗത്തെ സീറ്റ് മടക്കി പടുതയിട്ടശേഷം വെള്ളം നിറച്ച് സ്വിമ്മിങ് പൂളാക്കി മാറ്റി യാത്ര ചെയ്യുകയായിരുന്നു. ഇവർതന്നെ ദൃശ്യങ്ങൾ പകർത്തി യൂട്യൂബിൽ അപ്ലോഡ് ചെയ്തു. അപകടകരമായ യാത്രക്കിടയിൽ വാഹനത്തിലെ എയർ ബാഗ് പൊട്ടി പടുതയിലെ വെള്ളം പുറത്തേക്കൊഴുകി. ആലപ്പുഴ പൂന്തോപ്പിൽ വെച്ചായിരുന്നു ഇത് സംഭവിച്ചത്.
തൊട്ടടുത്ത സ്കൂളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും അവരുടെ ജീവന് അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിങ്. ഇതിന്റെ ദൃശ്യം ചിലർ ഗതാഗത കമീഷണർക്ക് കൈമാറിയിരുന്നു.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആലപ്പുഴ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ രമണന്റെ നേതൃത്വത്തിലുള്ള സംഘം 22ന് വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമ സഞ്ജു, ഡ്രൈവർ സൂര്യനാരായണൻ, അഭിലാഷ്, സ്റ്റാൻലി എന്നിവരോട് ബുധനാഴ്ച അമ്പലപ്പുഴയിലെ എൻഫോഴ്സ്മെൻറ് ഓഫിസിലെത്താൻ ആർ.ടി.ഒ നിർദേശം നൽകുകയും ചെയ്തിരുന്നു. സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചതായി ആർ.ടി.ഒ പറഞ്ഞു.
ഇവരെ നാലുപേരെയും മലപ്പുറം എടപ്പാളിൽ സ്ഥിതിചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് റിസർച്ചിൽ ജൂൺ മൂന്നുമുതൽ പരിശീലനത്തിന് അയക്കാൻ തീരുമാനിച്ചു. ഇതിനുശേഷം ഒരാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി സേവനം ചെയ്യുകയും വേണം.
മോട്ടോർ വാഹന നിയമം ലംഘിച്ച് അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് കാറോടിച്ച കേസിലും പ്രതിയാണ് സഞ്ജുവെന്ന് ആർ.ടി.ഒ പറഞ്ഞു. താൻ പണം കൊടുത്ത് വാങ്ങിയ വാഹനമായതിനാൽ തനിക്ക് എന്തും ചെയ്യാമെന്നായിരുന്നു സഞ്ജു പറഞ്ഞത്.
ഇത്തരം ധാരണ തെറ്റാണെന്നും കാർ സുരക്ഷിതമായി യാത്ര ചെയ്യാനുള്ളതാണെന്നും ആർ.ടി.ഒ പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജീവ് കെ. വർമ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വരുൺ, ചന്തു എന്നിവരടങ്ങിയ സംഘമാണ് കാർ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.