പന്നിപ്പനി: കേരളത്തിൽ നിന്ന് മൃഗങ്ങളെ കടത്തി വിടില്ലെന്ന് കർണാടക; കേരള അതിർത്തികളിൽ പരിശോധന കർശനം
text_fieldsമംഗളൂരു: കേരളത്തിൽ പലഭാഗങ്ങളിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തികളിൽ ജാഗ്രത. കേരളത്തിൽ നിന്നുള്ള മൃഗങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കർണാടകയിലേക്ക് കടത്തി വിടില്ല.
കേരള-കർണാടക ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. മൈസൂരു, ദക്ഷിണ കന്നട ജില്ലകളുമായി അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ പരിശോധന കൂടുതൽ ശക്തമാണ്.
ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി, ജാൽസൂർ, സാറഡ്ക്ക ചെക്ക് പോസ്റ്റുകളിൽ പരിശോധനക്ക് ഉദ്യോഗസ്ഥരെ വിന്യസിച്ചു. കേരളത്തിൽ പന്നികളെ ഇറക്കി തിരിച്ചു വരുന്ന വാഹനങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് ശുചീകരിച്ച ശേഷം മാത്രമേ കർണാടകയിലേക്ക് കടത്തി വിടുന്നുള്ളൂ. പന്നികളിൽ മാത്രം കാണപ്പെടുന്ന പനി മനുഷ്യരിലേക്ക് പകരില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കിഷോർ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള മൃഗങ്ങളെ കർണാടകയിലേക്ക് കടത്തി വിടരുതെന്നാണ് മൈസൂരു എച്ച്ഡി കോട്ട ബാവലിയിൽ തഹസിൽദാർ രാമപ്പ, താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ. ടി. രവികുമാർ, മൃഗസംരക്ഷണ അസി. ഡയറക്ടർ ഡോ. പ്രസന്ന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നുള്ള തീരുമാനം. ചെക്ക് പോസ്റ്റ് രേഖകൾ പരിശോധിച്ച് തുടർദിനങ്ങളിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് നിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.