സ്വിച്ചുകൾ പ്രവർത്തിപ്പിക്കാനാകില്ല; സീറ്റ് ബെൽറ്റിൽ വിയോജിപ്പുമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റ് ബെൽറ്റ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജീവനക്കാർ. കെ.എസ്.ആർ.ടി.സിയിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബസുകളാണ്. ഈ സാഹചര്യത്തിൽ ഓട്ടത്തിനിടയിൽ പ്രവർത്തിപ്പിക്കേണ്ട പല കാര്യങ്ങളിലെയും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ വിയോജിപ്പ്. ഹോണും ഡിം ആൻഡ് ബ്രൈറ്റും ലൈറ്റും വൈപ്പറുമെല്ലാം ഒറ്റ കോമ്പിനേഷൻ സ്വിച്ചിൽ ഉൾപ്പെടുത്തിയാണ് ബസുകൾ നിരത്തിലിറങ്ങുന്നത്. കാലപ്പഴക്കം മൂലം ഭൂരിഭാഗം ബസുകളിലും കോമ്പിനേഷൻ സ്വിച്ച് പ്രവർത്തനരഹിതമാണ്. ഓരോ ഓപ്ഷനും തകരാറാലാകുമ്പോൾ ഇതിന്റെ വയർ കോമ്പിനേഷൻ സ്വിച്ചിൽ നിന്ന് ഇളക്കി മാറ്റി പ്രത്യേകം സ്വിച്ച് വാങ്ങി മുന്നിലെവിടെയെങ്കിലും ഘടിപ്പിച്ച് ബദൽ സംവിധാനമൊരുക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ലൈറ്റിനും ഹോണിനും വൈപ്പറിനുമെല്ലാം പ്രത്യേകം സ്വിച്ചുകളാണ് അധികം ബസുകളിലും. ഡ്രൈവിങ്ങിനിടെ, സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞാണ് ഇവ പ്രവർത്തിപ്പിക്കുക. എന്നാൽ സീറ്റ് ബെൽറ്റ് നിർബന്ധമാകുന്നതോടെ സീറ്റ് ബെൽറ്റ് ധരിച്ച് ഈ സ്വിച്ചുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നത്. സീറ്റ് ബെൽറ്റിന് എതിരല്ലെന്നും എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ച ശേഷം പരിഷ്കാരം ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി തന്നെ ഈ വിഷയത്തിൽ പ്രകതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള തീരുമാനവുമായി മാനേജ്മെന്റും ഗതാഗത വകുപ്പും മുന്നോട്ടുപോകുമ്പോഴാണ് ഈ വിയോജിപ്പ്. കെ.എസ്.ആർ.ടി.സിക്ക് ആകെ 5000 ബസുകളാണുള്ളത്. ഡ്രൈവർ സീറ്റിനു പുറമെ, മറുവശത്തെ മുന്നിലെ സീറ്റിലും സീറ്റ് ബെൽറ്റ് ഏർപ്പെടുത്തേണ്ടി വരും. ഫലത്തിൽ 1000 സീറ്റുകളാണ് പരിഷ്കരിക്കേണ്ടി വരിക. രണ്ട് സീറ്റ് ബെൽറ്റിനും കൂടി ശരാശരി 1000 രൂപയാണ് ചെലവ്.
സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനൊപ്പം ഡ്രൈവർമാർ നേരിടുന്ന പ്രായോഗിക അസൗകര്യങ്ങൾക്കുകൂടി പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.ജി. രാഹുൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ലക്ഷ്യമിട്ടത് ഒമ്പത് കോടി, കിട്ടിയത് 7.39 കോടി
തിരുവനന്തപുരം: അവധി ദിവസങ്ങൾ കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായ ഇക്കഴിഞ്ഞ തിങ്കളാഴ്ച കലക്ഷൻ ഒമ്പത് കോടിയിലെത്തിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ദൗത്യം ലക്ഷ്യം കണ്ടില്ല.
5000 ബസുകളും നിരത്തിലിറക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഒമ്പത് കോടി രൂപ ലക്ഷ്യമാക്കിയിറങ്ങിയ കെ.എസ്.ആർ.ടി.സിക്ക് 7.39 കോടിയാണ് അകൗണ്ടിലെത്തിക്കാനായത്. 4485 ബസുകളാണ് തിങ്കളാഴ്ച ഓപറേറ്റ് ചെയ്തത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് വരുമാനം വർധിച്ചെന്നതാണ് ആശ്വാസം. മെഡിക്കൽ ലീവ് ഒഴികെ അവധികളൊന്നും അനുവദിക്കാതെയും എല്ലാ യൂനിറ്റുകളിലും പ്രത്യേകം ആക്ഷൻ പ്ലാൻ തയാറാക്കിയുമെല്ലാമായിരുന്നു തിങ്കളാഴ്ചയിലെ ഓപറേഷൻ.
27,740 ട്രിപ്പുകളാണ് തിങ്കളാഴ്ച നടത്തിയത്. 20 ലക്ഷം യാത്രക്കാർ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചെന്നാണ് കണക്ക്. 3.36 ലക്ഷം ലിറ്റർ ഡീസൽ ചെലവിട്ട് 15 ലക്ഷം കിലോമീറ്ററിലായിരുന്നു ആകെ സർവിസുകൾ. ഒരു കിലോമീറ്ററിൽ നിന്ന് 4511 രൂപ ശരാശരി വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.