വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ ആത്മാവിനെതിരെന്ന് സയ്യിദ് സആദത്തുല്ല ഹുസൈനി
text_fields‘വഖഫ് ഭേദഗതി നിയമം നിരാകരിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജമാഅത്തെ ഇസ്ലാമി കേരള ഘടകം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമരചത്വരം അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കേന്ദ്രം പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. ‘വഖഫ് ഭേദഗതി നിയമം നിരാകരിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജമാഅത്തെ ഇസ്ലാമി കേരള ഘടകം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമര ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കുകയാണ് ബില്ലിലൂടെ കേന്ദ്രം ചെയ്തത്. ഇതുവഴി വഖഫ് സ്വത്തുക്കൾ കൈയേറാൻ മുസ്ലിം വിരുദ്ധ ശക്തികൾക്ക് അവസരം നൽകുകയാണ്. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്നതിനൊപ്പം മുസ്ലിംകളെ അപരവത്കരിക്കാനും ബില്ലിലൂടെ ലക്ഷ്യമിടുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് കാലങ്ങളായി കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് വഖഫ് ഭേദഗതി ബില്ലെന്നും ജനാധിപത്യ വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ തെരുവുകൾ പ്രക്ഷുബ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസം ഓരോ മനുഷ്യന്റെയും വീട്ടുമുറ്റത്തെത്തിയെന്നാണ് വഖഫ് ഭേദഗതിയിലൂടെ തെളിയുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. നാളെകളിൽ ദലിതുകളെയും ക്രിസ്ത്യാനികളെയും ഇവർ തേടിയെത്തും. അതുകൊണ്ടുതന്നെ അനീതിയുടെ നിയമം പിൻവലിക്കുന്നതുവരെ സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലിലൂടെ ലക്ഷ്യമിടുന്നത് മുസ്ലിം വേട്ടയാണെന്ന് ജെ.പി.സി അംഗവും സമാജ് വാദി പാർട്ടി നേതാവുമായ മുഹിബ്ബുല്ല നദ്വി എം.പി അഭിപ്രായപ്പെട്ടു. നിയമമുണ്ടാക്കിയ 12 പേരിൽ ഒരാൾ മാത്രമാണ് മുസ്ലിം എന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഭജിക്കാനുള്ള അജണ്ടയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അഭിപ്രായപ്പെട്ടു.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, തോൽ തിരുമാവളൻ എന്നിവരും ഫാ. പോൾ തേലക്കാട്, പ്രഫ. കെ. അരവിന്ദാക്ഷൻ, ഷമീർ മദീനി, വി.എച്ച്. അലിയാർ ഖാസിമി, എം.ഐ. അബ്ദുൽ അസീസ്, അഡ്വ. മുഹമ്മദ് ഷാ, ഡോ. ജിന്റോ ജോൺ, പി.ജെ. ജയിംസ്, പ്രേം ബാബു, പി.ടി.പി. സാജിത, അംബിക, ഡോ.എ.കെ. വാസു, തൗഫീഖ് മമ്പാട്, അഡ്വ.ഷിബു മീരാൻ, ബാബുരാജ് ഭഗവതി, അഡ്വ.അബ്ദുൽ വാഹിദ്, അഡ്വ. വി.ആർ. അനൂപ്, എൻ.കെ. അലി, അഡ്വ. അബൂബക്കർ, ഷിഹാബ് പൂക്കോട്ടൂർ തുടങ്ങിയവരും സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് സ്വാഗതവും കൊച്ചി സിറ്റി സെക്രട്ടറി സുഹൈൽ ഹാഷിം നന്ദിയും പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിലും പഹൽഗാം ഭീകരവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘വഖഫും ഭരണകൂട ആഖ്യാനങ്ങളും’ എന്ന പുസ്തകം പി. മുജീബ് റഹ്മാന് നൽകി ഇ.ടി. മുഹമ്മദ് ബഷീർ പ്രകാശനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.