18 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി കേരള സർക്കാർ
text_fieldsന്യൂഡൽഹി: 18 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീംകോടതിയിൽ കേരള സർക്കാറിന്‍റെ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് നടപടികൾക്കെതിരെ കർദിനാൾ സമർപ്പിച്ച ഹരജിയിലാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിന് അനുകൂലമായ നിലപാടെടുത്തത്. ഡൽഹിയിലുള്ള കേരള സർക്കാർ അണ്ടർ സെക്രട്ടറി കെ.കെ സേവ്യറാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഭൂമി വാങ്ങിയ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ ഔദ്യോഗികമായി രേഖയിൽ കാണിച്ച തുക മാത്രമേ ഭൂമിക്ക് തങ്ങൾ കൊടുത്തിട്ടുള്ളൂ എന്ന് അവർ പൊലീസിനോട് പറഞ്ഞുവെന്നും അതിനാൽ കണക്കിൽ കവിഞ്ഞ തുകക്ക് ഭൂമി വിറ്റുവെന്നത് കണ്ടെത്താനായില്ല എന്നുമാണ് കേരള സർക്കാറിന്‍റെ പ്രധാന വാദം. കർദിനാൾ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാനുള്ള അടിസ്ഥാനമായി സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചതും ഇതാണ്. 36 പേർക്കാണ് ഭൂമി വിറ്റത്. ഈ കച്ചവടത്തിലൂടെ 27 കോടി കിട്ടിയെന്നത് പരാതിക്കാരൻ തെറ്റിദ്ധരിച്ചതാണെന്നും സഭയുടെ രേഖ പ്രകാരം 13,51,44,260 രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ എന്നും സർക്കാറിന്‍റെ സത്യവാങ്മൂലത്തിലുണ്ട്.
സെന്‍റിന് ഒമ്പത് ലക്ഷത്തിന് വിൽക്കാൻ തീരുമാനിച്ച നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള ഭൂമി കർദിനാളിന്‍റെ നേതൃത്വത്തിൽ വിറ്റപ്പോൾ ചിലതിന് സെന്‍റിന് 2.43 ലക്ഷം രൂപ മുതൽ 10.75 ലക്ഷം രൂപ വരെയാണ് കിട്ടിയതെന്നും വ്യത്യസ്ത ഭാഗങ്ങളിലെ വ്യത്യസ്ത വിലകളാണ് അതിന് കാരണമെന്നും കേരള സർക്കാർ ബോധിപ്പിച്ചു.
റോമൻ കത്തോലിക്കാ സഭയെ നിയന്ത്രിക്കുന്ന കാനൻ നിയമവും എറണാകുളം അതിരൂപതയുടെ ചട്ടങ്ങളും പ്രകാരം ശരിയായ കൂടിയാലോചന നടത്തിയാണ് ഭൂമി ഇടപാട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. സഭയുടെ ഭരണപരമായ കാര്യങ്ങൾക്കുള്ള സമിതികളായ ക്യുരിയ, കോളജ് ഓഫ് കൺസൾട്ടേഴ്സ്, ഫിനാനസ് കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും മിനുട്സിൽ അവ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
സീറോ മലബാർ സഭയുടെയും എറണാകുളം - അങ്കമാലി അതിരുപതയുടെയും ചെലവിൽ കർദിനാൾ ആലഞ്ചേരിയും സംഘവും വഞ്ചന നടത്തിയെന്ന് കാണിച്ച് അതേ അതിരൂപതക്ക് കീഴിലുള്ള ചൊവ്വര പ്രസന്നപുരം ആത്തപ്പിള്ളി ഹൗസിലെ പാപ്പച്ചൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ടിനെ സമീപിച്ചതോടയാണ് കേസിന്‍റെ തുടക്കം. തുടർന്ന് മജിസ്ത്രേട്ട് മേൽനടപടിക്കായി ആ പരാതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കൈമാറി. അതിന്‍റെ അടിസ്ഥാനത്തിൽ 2019ൽ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കേരള സർക്കാർ ആദ്യം അന്വേഷണത്തിന് നിയോഗിച്ച എറണാകുളം അസിസ്റ്റന്‍റ് കമീഷണർ 2019 ഏപ്രിൽ 11മുതൽ 2020 ജനുവരി 20 വരെ അന്വേഷണം നടത്തിയെന്നും അതിന് ശേഷം ജനുവരി 20 മുതൽ കൊച്ചി ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർ അന്വേഷിച്ചുവെന്നും അതിലും തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കേരള സർക്കാർ ബോധിപ്പിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹരജിയിൽ കക്ഷി ചേർന്ന് ഹൈകോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും നല്‍കിയ ഹരജികളും ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.