ഏകീകൃത ആരാധനക്രമവുമായി സിറോ മലബാർ സഭ സിനഡ്; മാര്‍പാപ്പക്ക് പരാതി നൽകുെമന്ന് അതിരൂപത സംരക്ഷണ സമിതി
text_fieldsകൊച്ചി: ആരാധനക്രമം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും എതിർപ്പുകൾക്കുമിടെ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി ആരംഭിക്കാൻ സിറോ മലബാർ സഭ സിനഡ് തീരുമാനിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ നിർദേശിച്ചതിെൻറ അടിസ്ഥാനത്തിൽ അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന നവംബര്‍ 28 മുതല്‍ ഏകീകൃത ആരാധനക്രമം നടപ്പാക്കാനാണ് തീരുമാനം.
എന്നാൽ, എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട രൂപതകളിലെ വൈദികരുൾെപ്പടെ ഈ രീതിക്കെതിരെ രംഗത്തുണ്ട്. ഈ രീതി പൂർണമായും ഒരുമിച്ചു നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള രൂപതകളില്‍ ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും സന്യാസഭവനങ്ങളിലും മൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും ആരംഭിക്കാൻ നിർദേശിച്ചു. ഏകീകൃത ബലിയർപ്പണരീതി നവംബർ 28ന് ആരംഭിക്കാനും 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും മുഴുവൻ രൂപതയിലും നടപ്പാക്കാനും സിനഡ് നിർദേശിച്ചു.
പകുതിസമയം അള്‍ത്താരാഭിമുഖവും ബാക്കിസമയം ജനാഭിമുഖമായും നില്‍ക്കണമെന്നാണ് സിനഡില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദിയിൽ ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരക്ക് അഭിമുഖമായും കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കും.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിെവച്ച് സഭയുടെ പൊതുനന്മ ലക്ഷ്യമാക്കി ഒരു മനസ്സോടെ തീരുമാനം നടപ്പാക്കണമെന്ന് സിനഡ് പിതാക്കന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാർ സഭക്കുകീഴിെല പല രൂപതകളിലും വിവിധ രീതിയിലെ കുർബാനയാണ്. എറണാകുളം-അങ്കമാലി അതിരൂപത അര നൂറ്റാണ്ടായി ജനാഭിമുഖ കുർബാന നടത്തുമ്പോൾ ചങ്ങനാശ്ശേരിയിലുൾെപ്പടെ അൾത്താരാഭിമുഖമായാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് ഏറെകാലമായി തർക്കവും വാദപ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കെയാണ് സിനഡിെൻറ തീരുമാനം.
നിലവിെല കുര്‍ബാന അര്‍പ്പണരീതി തുടരണമെന്ന് 16 മെത്രാന്മാരാണ് സിനഡില്‍ ആവശ്യപ്പെട്ടത്. 32 മെത്രാന്മാര്‍ ഏകീകരിച്ച രീതിയെ പിന്തുണക്കുകയും ചെയ്തു. പ്രഖ്യാപനത്തിനുപിന്നാലെ പല കോണിൽനിന്നും പ്രതിഷേധമുയർന്നിട്ടുണ്ട്.
സിനഡ് തീരുമാനത്തിനെതിരെ മാര്‍പാപ്പക്ക് പരാതി നൽകും -അതിരൂപത സംരക്ഷണ സമിതി
കുർബാനാർപ്പണ രീതി സംബന്ധിച്ച് സിറോ മലബാർ സഭ സിനഡ് തീരുമാനം ദൗർഭാഗ്യകരമാണെന്നും ഏറ്റവും കളങ്കപ്പെട്ട തീരുമാനമാണിതെന്നും എറണാകുളം -അങ്കമാലി അതിരൂപത സംരക്ഷണ സമിതി. സഭയുടെ കാനോനിക നിയമമനുസരിച്ച് ഇതിൽ ഇളവ് ലഭിക്കാന്‍ ജനാഭിമുഖ കുര്‍ബാനയെ പിന്തുണക്കുന്ന പിതാക്കന്മാരും വൈദികരും വിശ്വാസികളും മാര്‍പാപ്പക്ക് പരാതി നൽകുമെന്ന് സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വാർത്താകുറിപ്പിൽ പറഞ്ഞു.
സിനഡിലെ മൂന്നിലൊന്ന് മെത്രാന്മാര്‍ ജനാഭിമുഖ കുര്‍ബാനക്കായി ശക്തമായി നിലപാടെടുത്തെങ്കിലും ചിലരുടെ വാശിയും വൈരാഗ്യവും തീര്‍ക്കാനെന്ന പോലെ എതിര്‍ അഭിപ്രായം പറഞ്ഞ പിതാക്കൻമാരെ തീര്‍ത്തും അവഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം. ഐക്യരൂപ്യം അടിച്ചേൽപിച്ച് ഐക്യം തകര്‍ക്കുന്നതിനെ ഒരിക്കലും പിന്തുണക്കാത്ത ഫ്രാന്‍സിസ് മാര്‍പാപ്പ എറണാകുളം - അങ്കമാലി അതിരൂപതയുടെയും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന മറ്റു രൂപതകളുടെയും പരാതി സ്വീകരിച്ച് തക്കതായ പരിഹാരം കാണുമെന്നാണ് വിശ്വാസം.
അതിരൂപതയിലെ 16 ഫൊറോനകളിലെ മിക്ക പാരിഷ് കൗണ്‍സിലുകളും പൂര്‍ണമായ ജനാഭിമുഖ കുര്‍ബാനയ്ക്ക് വിരുദ്ധമായത് അടിച്ചേൽപിച്ചാല്‍ സ്വീകരിക്കില്ലെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. നിവേദനത്തില്‍ ഒപ്പിട്ട 466 വൈദികരെയും ലക്ഷക്കണക്കിനു വിശ്വാസികളെയും ഉള്‍പ്പെടുത്തി ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു കൊണ്ടുപോകാൻ വഴികള്‍ സ്വീകരിക്കുമെന്ന് തീരുമാനിച്ചതായും സംരക്ഷണ സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.