ആലഞ്ചേരിക്കെതിരായ വ്യാജരേഖ വിവാദം: ഫാ.ടോണി കല്ലൂക്കാരനെ പ്രതി ചേർത്തു
text_fieldsകൊച്ചി: സീറോ മലബാർസഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ ൈവദികനായ ഫാ.ടോണി കല്ലൂക്കാരനെ പ്രതി ചേർത്തു. കേസിൽ നാലാം പ്രതിയായാണ് ടോണി കല്ലൂക്കാരനെ ഉൾപ്പ െടുത്തിയത്. നേരത്തെ അറസ്റ്റിലായ ഗവേഷക വിദ്യാർഥി ആദിത്യൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ടോണി കല്ല ൂക്കാരനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് പ്രതി ചേർക്കുകയും ചെയ്തത്.
ആദിത്യൻെറ കസ്റ്റഡി അപേക്ഷയിലാ ണ് നാലാം പ്രതിയായി ഉൾപ്പെടുത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ ഫാ.ടോണി കല്ലൂക്കാരൻ ഹൈകോടതിയി ൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ ഫാദർമാരായ പോൾ തേലക്കാട്, ടോണി കല്ലൂക്കാരൻ എന്നിവർ ഗൂഢാലോചന നടത്തിയതായി പൊലീസ് പറയുന്നു. ആദിത്യൻ വ്യാജരേഖ നിർമിച്ചത് ഇവരുടെ നിർേദശപ്രകാരമാണെന്നും ൈവദികരുടെ നിർദേശം മൂന്നാം പ്രതി ആദിത്യൻ അനുസരിക്കുകയാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി 25 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിന് ൈകമാറിയെന്നും ഈ ഹോട്ടലിൻെറ വെക്കേഷൻ ക്ലബ്ബിലുള്ള അംഗത്വം ഉപയോഗിച്ച് 15ഓളം വൈദികരുടെ നേതൃത്വത്തിൽ അവിടെ രഹസ്യ യോഗം ചേർന്നുവെന്നും തെളിയിക്കുന്ന രേഖയാണ് ആദിത്യൻ കൃത്രിമമായി നിർമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇൗ രേഖ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിനും ടോണി കല്ലൂക്കാരനും ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്നും ഇത് വെച്ചാണ് ജനുവരി ഏഴിന് നടന്ന സിനഡിൽ കർദിനാളിനെതിരെയുള്ള വിവാദത്തിന് തുടക്കം കുറിച്ചതെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ആദിത്യനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസത്തിലധികം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ സ്ഥാപനത്തിൻെറ സെർവറിൽ നിന്നാണ് തനിക്ക് ആലഞ്ചേരിക്കെതിരായ രേഖ ലഭിച്ചതെന്നായിരുന്നു ആദിത്യൻ ആദ്യം പൊലീസിന് നൽകിയ മൊഴി. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ മുരിങ്ങൂർ ഇടവക സഹവികാരിയും കർദിനാളിെൻറ മുൻ ഓഫിസ് സെക്രട്ടറിയുമായ ഫാ. ടോണി കല്ലൂക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് തേവരയിലെ കടയിലാണ് വ്യാജരേഖ തയാറാക്കിയതെന്ന് ആദിത്യൻ മജിസ്ട്രേറ്റിന് മൊഴി നൽകുകയായിരുന്നു. എന്നാൽ ആദിത്യനെ പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കൃത്യമായ തിരക്കഥക്കനുസരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് ആരോപിച്ചിരുന്നു.
അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിൽ നടന്ന ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ജോഷി എന്നയാൾ നൽകിയ ഹരജിയെ തുടർന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നും ബുധനാഴ്ച കർദിനാൾ കോടതിയിൽ ഹാജരാകണമെന്നുമുള്ള കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.