സിറോ മലബാർ സഭ: ആർച് ബിഷപ്പിനെ തടഞ്ഞുവെച്ച പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്
text_fieldsകൊച്ചി: സിറോ മലബാർ സഭ തർക്കത്തില്‍ വിമത വിഭാഗം ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവെച്ച് ബഹളംവെക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബിഷപ് ഗുണ്ട നേതാവാണെന്നും കാലു തല്ലിയൊടിക്കുമെന്നടക്കം ആക്ഷേപങ്ങളും ഭീഷണിപ്പെടുത്തലും വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ.
സിനഡിന്‍റെ ആവശ്യപ്രകാരമുള്ള വത്തിക്കാൻ ഇടപെടലിനെ തുടർന്ന് ബിഷപ് ആന്‍റണി കരിയിലിനെ എറണാകുളം അങ്കമാലി അതിരൂപത മെത്രപ്പോലീത്തന്‍ വികാരി സ്ഥാനത്തുനിന്ന് മാറ്റി തൃശൂർ അതിരൂപത അധ്യക്ഷൻ ആര്‍ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ എറണാകുളം അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നു. ചുമതലയേറ്റതിന് പിന്നാലെത്തന്നെ വിമത വൈദികർക്കൊപ്പം നിൽക്കുന്നു എന്ന ആക്ഷേപമുയർത്തി അതിരൂപത ഭരണസമിതിയായ കൂരിയ പിരിച്ചുവിട്ടു. ഇതിൽ പ്രകോപിതരായ വിമതരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവെച്ച് ബഹളമുണ്ടാക്കിയത്.
അതിരൂപതയിലെ ഭൂമി വിവാദം, ജനാഭിമുഖ കുർബാന പരിഷ്കരണ വിവാദം തുടങ്ങിയ വിഷയങ്ങളിൽ വിമത വൈദിക നീക്കത്തെ പിന്തുണക്കുകയും മാർപ്പാപ്പയുടെ തീരുമാനങ്ങൾ പോലും നടപ്പാക്കാതിരിക്കുകയും ചെയ്തെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ബിഷപ് ആന്‍റണി കരിയിലിനെ സ്വമേധയ നീക്കാനുള്ള ശ്രമം നടന്നിരുന്നു. പിന്നീട് രാജിക്കത്ത് വത്തിക്കാൻ നേരിട്ട് എഴുതിവാങ്ങുകയും ജൂലൈ 30ന് മാറ്റുകയുമായിരുന്നു.
വത്തിക്കാൻ തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് വിമത വിഭാഗം ആരോപിച്ചിരുന്നു. പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ആൻഡ്രൂസ് താഴത്ത് ചുമതലയേറ്റത്. ഇതിന് പിന്നാലെ കൂരിയ പിരിച്ചുവിട്ടത് വിമതരെ കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു.
ജനാഭിമുഖ കുർബാന നടപ്പാക്കണമെന്ന നിവേദനവുമായി എത്തിയവരാണ് നേരിട്ട് പ്രതിഷേധമറിയിച്ചത്. കുഞ്ഞാടുകളെ ഉപദേശിക്കുന്ന മെത്രാന്മാർ ചെയ്യുന്ന നടപടികൾ പൊറുക്കാനാവില്ലെന്നും അഞ്ച് പിതാക്കന്മാർ ചേർന്നാണ് ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നുമുള്ള ആരോപണം ദൃശ്യത്തിൽ വ്യക്തമാണ്. ഇതിനിടെ ബിഷപ്പിനെ അനുകൂലിക്കുന്നവരും ബഹളവുമായി എത്തി. ഗുണ്ട നേതാവെന്നും കാലു തല്ലിയൊടിക്കുമെന്നും പ്രതിഷേധക്കാർ വിളിച്ചുപറയുമ്പോഴൊന്നും പ്രതികരിക്കാതിരുന്ന ആൻഡ്രൂസ് താഴത്ത്, ഇക്കാര്യങ്ങളെല്ലാം സിനഡിനെ അറിയിക്കാമെന്ന് പറഞ്ഞ് മടങ്ങി.
അതേസമയം, ഭീഷണിയടക്കം പ്രതിഷേധം രൂക്ഷമായപ്പോഴും വിവരം പൊലീസിനെ അറിയിക്കാതിരുന്ന കൂരിയ അംഗങ്ങളുടെ നടപടിയും ഒരുവിഭാഗം വിവാദമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.