സീറോ മലബാർ സഭ ഭൂമിയിടപാട്: സർക്കാറിന് കോടതിയുടെ വിമർശനം
text_fieldsകൊച്ചി: സീറോ മലബാർ സഭയുെട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സർക്കാറിന് ഹൈകോടതിയുടെ വിമർശനം. പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് നടപടി ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിെൻറ വാക്കാൽ വിമർശനമുണ്ടായത്. ഭൂമി തട്ടിപ്പിനെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സിവില്‍ കേസ് മാത്രമാണിതെന്നും പൊലീസ് അേന്വഷണത്തിെൻറ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഹരജി നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കി. എന്നാൽ, ഇത് സിവില്‍ കേസാകുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. സിവിൽ കേസെന്നുപറഞ്ഞ് തള്ളിക്കളയാനാകില്ല. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ കേസെടുക്കണമെന്നാണ് ലളിതകുമാരി കേസിൽ സുപ്രീംകോടതിയുടെ വിധി. പരാതിയുടെമേല്‍ അടയിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സര്‍ക്കാർ നിലപാട് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.
പരാതിക്കാരിലൊരാളായ ബൈജുവിെൻറ മൊഴി രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെ തുടർന്ന് കോടതി ഇത് പരിശോധിച്ചു. എന്നാൽ, ഇങ്ങനെയല്ല മൊഴി രേഖപ്പെടുത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യക്തമായ കരാറുണ്ടെന്ന് ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലിെൻറ അഭിഭാഷകന്‍ അറിയിച്ചു.
കേസ് മധ്യസ്ഥതയിലൂടെ തീര്‍ക്കണം. 3.90 കോടി വരുന്ന മൊത്തം തുകയും താൻ സഭക്ക് നൽകിയിട്ടുണ്ട്. എന്നാൽ, മുഴുവൻ തുകയും കിട്ടിയില്ലെന്ന് ഹരജിക്കാരെൻറ അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നും 20 ലക്ഷം വിശ്വാസികളെയാണ് സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ചോദ്യംചെയ്യുന്നതെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.