സീറോ മലബാർ സഭ ഭൂമിയിടപാട്: പുതിയ നീക്കവുമായി വൈദികർ
text_fieldsകൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടിൽ സിനഡ് ഇടപെട്ടിട്ടും അതിരൂപതയിലെ ആഭ്യന്തരപ്രശ്നങ്ങൾ നീറിപ്പുകയുന്നു. ഭൂമിവിവാദം ഒത്തുതീർക്കാൻ സഭനേതൃത്വം ശ്രമം ഉൗർജിതമാക്കുന്നതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പുതിയ നീക്കവുമായി ഒരുവിഭാഗം വൈദികർ രംഗത്ത്. ഭൂമിയിടപാടിൽ വ്യക്തമായ പങ്കുള്ള കർദിനാൾ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങി. വൈദികർ ഒപ്പിട്ട പരാതി മാർപാപ്പക്ക് നൽകാനാണ് തീരുമാനം. നേരേത്ത ഭൂമിയിടപാടിൽ വൈദികസമിതി നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോർട്ടിൽ കർദിനാൾ നിലപാടെടുക്കാതെ വന്നതോടെയാണ് പുതിയ നീക്കം.
അതിരൂപതയിലെ എല്ലാ ഫൊറോനകളിലും നേരിട്ടെത്തി വൈദികരിൽനിന്ന് ഒപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന നാലുദിവസംകൊണ്ട് ഇത് പൂർത്തിയാകുമെന്ന് വൈദികർ പറഞ്ഞു. എന്നാൽ, ഒരുവിഭാഗം വൈദികർ കർദിനാളിനെതിരെയുള്ള പരാതിയിൽ ഒപ്പിട്ടുനൽകാൻ തയാറാകാതെ മാറിനിൽക്കുന്നുമുണ്ട്. നേരിെട്ടത്തി ഇവരുടെ സഹകരണംകൂടി ഉറപ്പാക്കാനാണ് നിലവിൽ കർദിനാൾവിരുദ്ധ വിഭാഗം ശ്രമിക്കുന്നത്. അതിരൂപതയിൽ ആകെ നിയുക്തരായ 450 വൈദികരിൽ 350 പേർ ഇപ്പോൾ അതിരൂപതയിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും ഉണ്ട്. ബാക്കിയുള്ളവർ പഠനാവശ്യമോ സഭാകാര്യങ്ങേളാ മുൻനിർത്തി വിദേശത്താണ്.
നേരേത്ത കർദിനാളിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ വൈദികർതന്നെയാണ് പുതിയ നീക്കത്തിനും നേതൃത്വം നൽകുന്നത്. അന്വേഷണ കമീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കർദിനാളിനെ അംഗീകരിക്കാനാവില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. തെറ്റുപറ്റിയെന്ന് കർദിനാൾതന്നെ വിശദീകരണക്കുറിപ്പ് നൽകിയിട്ടും തിരുത്തലിന് സഭകേന്ദ്രങ്ങൾ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.