ജലീലിനെതിരെ ലോകായുക്തക്ക് നടപടി സ്വീകരിക്കാമെന്ന് ടി. ആസഫലി
text_fieldsകൊച്ചി: ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ.ടി ജലീൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആരോപണങ്ങൾ തികച്ചും അധിക്ഷേപകരവും ആസൂത്രിതവുമാണെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി. വളരെ ശക്തമായ ഒരു അഴിമതി വിരുദ്ധ ജുഡീഷ്യൽ സ്ഥാപനത്തെ കരിവാരിത്തേക്കുവാനും തകർക്കാനും ഉദ്ദേശം വെച്ച് കൊണ്ടുള്ളതാണിത്. ലോകായുക്തക്കെകതിരേയുള്ള മുഴുവൻ ആരോപണങ്ങളും വാസ്തവവിരുദ്ധവും സത്യത്തിന്‍റെ കണികപോലുമില്ലാത്തതാണെന്നും ആസഫലി വ്യക്തമാക്കി.
ജുഡീഷ്യൽ രംഗത്ത് നിസ്തുലമായ സേവനം നടത്തിയ ന്യായാധിപന്മാർ വഹിക്കുന്ന ഉന്നതമായ ഒരു പദവിയാണ് ലോകായുക്‌ത. കേരള ലോകായുക്‌ത രൂപീകരിച്ചതിനു ശേഷം ഇന്നുവരെ ആരും പറയാത്ത ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ അഴിമതിവിരുദ്ധ സ്ഥാപനത്തെ തകർക്കാൻ ഉദ്ദേശംവെച്ചുള്ളതിനാൽ പൊതുസമൂഹം പുച്ഛിച്ചു അവഗണിക്കുമെന്നതിൽ സംശയമില്ല.
ലോകായുക്തയെ ഇടിച്ചുതാഴ്ത്തി പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കും വിധം പ്രസ്താവന ഇറക്കുന്നത് ലോകായുക്ത നിയമമനുസരിച്ച് (Contempt of Court Act -1971) നടപടിയെടുക്കാവുന്നതാണ്. ലോകായുക്ത നിയമം 19 വകുപ്പ് ഇക്കാര്യം പ്രത്യേകം വിവക്ഷിക്കുന്നുണ്ട്. അത്തരം വിഷയങ്ങളിൽ ലോകായുക്തക്ക് ഹൈകോടതിയുടെ അതേസ്ഥാനം തന്നെയാണ്. മാത്രമല്ല ലോകായുക്ത നിയമം 18 അനുസരിച്ചു ലോകായുക്തയെ ബോധപൂർവം അവമതിപ്പുളവാക്കുംവിധം പൊതുജനമധ്യേ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവനയിറക്കുന്നതു ഒരു വർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ലോകായുക്ത നിയമം 18 വകുപ്പ് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിയമ സാമാജികന് നിയമം അറിയാതെ വായിൽ തോന്നുന്നത് വിളിച്ചു പറയാമെന്നു വരുന്നത് അപകടമാണ്. ജലീലിനെതിരെ ലോകായുക്തയുടെ വിധി ശരിയാണെന്നു ഹൈകോടതി വിധിയെഴുതി. ആ വിധി സുപ്രീംകോടതിയും ശരിവെച്ചതു കൊണ്ടാണ് ഇടപെടാതിരുന്നത്. ലോകായുക്ത വിധി തെറ്റാണെന്നും നിയമ വിരുദ്ധമാണെന്നും ഹൈകോടതിയോ സുപ്രീംകോടതിയോ മറച്ചു പറഞ്ഞെങ്കിൽ നമുക്ക് ലോകായുക്ത വിധി തെറ്റാണെന്നു പറയാം. ഇവിടെ സംഭവിച്ചത് മറിച്ചാണ്.
ജലീൽ അഴിമതിക്കാരാണെന്ന് ലോകായുക്ത വിധി പ്രസ്താവിക്കുകയും ആ വിധിയുടെ അടിസ്ഥാനത്തിൽ ഒരു മുൻ മന്ത്രിയെ ചരിത്രത്തിലാദ്യമായി അഴിമതിക്കാരനായി ചാപ്പകുത്തിയ സംഭവം ഒരു പക്ഷെ ഇന്ത്യയിൽ ആദ്യത്തേത് ജലീൽ തന്നെയാണ്. പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ ബഹുമതി നൽകുന്നതു പോലെ ഒരു മന്ത്രിക്ക് അഴിമതി ഭൂഷൺ നൽകപ്പെട്ട ഒരു "മഹാൻ" എന്നാണ് ചരിത്രം ജലീലിനെ വിശേഷിപ്പിക്കുക. വിധി അനുകൂലമാവുമ്പോൾ കോടതി ശരിയായ വിധി പുറപ്പെടുവിച്ചുവെന്നും പ്രതികൂലമാവുമ്പോൾ കോടതി തെറ്റ് പ്രവർത്തിച്ചുവെന്നും പറയുന്നത് മുഖം വിരൂപമാവുമ്പോൾ കണ്ണാടി കുത്തിപൊട്ടിക്കുന്നത് പോലെയാണെന്നും ടി. ആസിഫലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.