പുതിയ നിയോഗവുമായി ടി.എൻ. പ്രതാപൻ
text_fieldsതൃശൂർ: ലോക്സഭ മണ്ഡലത്തിലാകെ പോസ്റ്ററുകൾ നിരന്നു, ചുമരെഴുത്ത് തെളിഞ്ഞു; ‘ടി.എൻ. പ്രതാപനെ വിജയിപ്പിക്കുക’. ‘വെറുപ്പിനെതിരെ സ്നേഹ സന്ദേശയാത്ര’യുമായി മണ്ഡലത്തിലാകെ 14 ദിവസം പദയാത്രയായി എത്തി. യാത്രക്കൊടുവിൽ പൂങ്കുന്നം ‘മുരളീമന്ദിര’ത്തിലെ കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പോരാട്ടത്തിന്റെ അടുത്ത ഊഴത്തിന് നാന്ദി കുറിച്ചു. പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
പത്മജ വേണുഗോപാലിന്റെ കൂടുമാറ്റമടക്കം നീക്കങ്ങൾക്കുശേഷം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ പൊടുന്നനെ വരുത്തിയ മാറ്റത്തിൽ ടി.എൻ. പ്രതാപൻ തൃശൂരിലെ സ്ഥാനാർഥിയല്ലാതായി. സിറ്റിങ് എം.പിമാരിൽ ‘മാറ്റപ്പെട്ടവന്റെ’ രാഷ്ട്രീയ പ്രയാണത്തിന് തൽക്കാലമെങ്കിലും തട വീണിരിക്കുന്നെന്ന തോന്നലിന് തൊട്ടുപിന്നാലെ തിരുത്തലെത്തി. ടി.എൻ. പ്രതാപനെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ച് എ.ഐ.സി.സി തീരുമാനമെത്തി. ഏറ്റവും പിന്നാക്കമായ ജീവിത പശ്ചാത്തലത്തിൽനിന്ന് കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പിന്നിട്ട് ചുവടുവെച്ച് കയറിയ പ്രതാപന് പുതിയ നിയോഗമാണിത്.
സ്കൂൾ പഠനകാലത്ത് കെ.എസ്.യുവിൽ പ്രവർത്തിച്ച് യൂനിറ്റ് പ്രസിഡന്റ്, താലൂക്ക് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളിലൂടെയായിരുന്നു പടികയറ്റം. കോൺഗ്രസിൽ ബൂത്ത് പ്രസിഡന്റ്, തളിക്കുളം മണ്ഡലം പ്രസിഡന്റ്, നാട്ടിക ബ്ലോക്ക് പ്രസിഡന്റ് എന്നീ തലങ്ങൾ താണ്ടി തൃശൂർ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായി. മത്സ്യതൊഴിലാളി കോൺഗ്രസിന്റെ പ്രഥമ ദേശീയ പ്രസിഡന്റാണ്. നിലവിൽ എ.ഐ.സി.സി അംഗവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പ്രതാപൻ ജനപ്രതിനിധിയെന്ന നിലയിൽ തോൽവിയറിയാത്തയാളാണ്. ഗ്രാമപഞ്ചായത്ത് അംഗമായി തുടങ്ങി 2001-‘16 കാലയളവിൽ മൂന്ന് തവണ എം.എൽ.എയും പിന്നീട് തൃശൂരിൽനിന്ന് ലോക്സഭാംഗവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.