ടി. നസിറുദ്ദീൻ: വ്യാപാരികളുടെ അനിഷേധ്യ നേതാവ്
text_fieldsകോഴിക്കോട്: വിവാദങ്ങളും കടുത്ത ഭിന്നതകളും പലതവണ വെല്ലുവിളി ഉയർത്തിയിട്ടും പതറാതെ മൂന്നു പതിറ്റാണ്ടുകാലം വ്യാപാരികളുടെ സംസ്ഥാന സംഘടനയുടെ അമരത്ത് തുടർന്ന നേതാവാണ് വിടപറയുന്നത്. കോഴിക്കോട്ടെ മിഠായിത്തെരുവിൽ തുണിക്കച്ചവടക്കാരനായി ഒതുങ്ങിപ്പോകാതെ സമരമുഖങ്ങളിലും സംഘർഷങ്ങളിലും നെഞ്ചൂക്കോടെ മുന്നിൽനിന്നാണ് വ്യാപാരികളുടെ, ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി വളർന്നത്.
കേരളത്തിലുടനീളം വ്യാപാരി സമൂഹം തങ്ങളുടെ ഇഷ്ടനേതാവായി എന്നും അദ്ദേഹത്തെ കണ്ടു. കക്ഷി രാഷ്ട്രീയ-മത ചിന്തകൾക്കതീതമായി വ്യാപാരി സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് അവസാനം വരെയും പ്രവർത്തിച്ചു. ഹിമായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ, മലബാർ ക്രിസ്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. എസ്.എസ്.എൽ.സിക്കുശേഷം കച്ചവട രംഗത്തിറങ്ങിയ അദ്ദേഹം തറവാട്ടുവക വ്യാപാര സ്ഥാപനത്തിൽ പിതാവിന്റെ സഹായിയായാണ് തുടങ്ങിയത്. പിതാവിന്റെ മരണശേഷം സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അദ്ദേഹം ക്രമേണ ബിസിനസ് രംഗത്ത് കൂടുതൽ കരുത്തുനേടിത്തുടങ്ങി. സംഘടന പ്രവർത്തനത്തിൽ താൽപര്യം തോന്നി വ്യാപാരികൾക്കായി ഒരു സംഘടന രൂപം നൽകി. വ്യാപാരികളുടെ വിഷയങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ 'വ്യാപാര വേദി' എന്ന പേരിൽ ദ്വൈവാരിക 15 വർഷത്തോളം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി ചുമതലയേൽക്കുന്നത് 1991ൽ. പിന്നീട് ഇതുവരെയും മറ്റൊരു പേരില്ലാതെ ആ പദവിയിൽ നസിറുദ്ദീൻ മാത്രമായിരുന്നു. ബഹുരാഷ്ട്ര ഭീമനായ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് നസിറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റി. അടുപ്പക്കാരെ പോലെ എതിരാളികളും ധാരാളമുണ്ടായിരുന്നു. അഴിമതി ആരോപണങ്ങളും മറ്റും പല ഘട്ടങ്ങളിലായി അദ്ദേഹത്തിനെതിരെ ഉയർന്നെങ്കിലും സംഘടനയിൽ കാര്യമായ വെല്ലുവിളികളുയർന്നില്ല. ഉയർന്നപ്പോഴാകട്ടെ, കൂടുതൽ കരുത്തോടെ നസിറുദ്ദീൻ ജയിച്ചുകയറുകയും ചെയ്തു. സംസ്ഥാന സർക്കാറിന്റെ വ്യാപാരി ക്ഷേമ ബോർഡ് വൈസ് ചെയർമാൻ, കേരള മെർക്കന്റയിൽ ബാങ്ക് ചെയർമാൻ, മംഗളം ദിനപത്രം മാനേജിങ് ഡയറക്ടർ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
വയനാട് എജുക്കേഷൻ ട്രസ്റ്റ് ചെയർമാനായിരുന്നു. മുംബൈ കേന്ദ്രമായ കമ്പനി 'സംഘാടക രത്ന' അവാർഡ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും നസിറുദ്ദീൻ ചുവടുവെക്കാൻ ശ്രമം നടത്തി. 'കേരള കർഷക വ്യാപാരി പാർട്ടി' എന്ന പേരില് രാഷ്ട്രീയ പാര്ട്ടി രൂപവത്കരിക്കാനും ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം വേണ്ടെന്നുവെക്കുകയായിരുന്നു.
അവകാശ പോരാട്ടങ്ങളുടെ നെടുംതൂൺ
മലപ്പുറം: വ്യാപാരികളുടെ അവകാശ പോരാട്ടങ്ങളുടെ നെടുംതൂണായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ. വ്യാപാര മേഖലയെ ബാധിക്കുന്ന സർക്കാറിന്റെ നിലപാടുകൾക്കെതിരെ മുന്നിൽനിന്ന് പൊരുതിയ നസിറുദ്ദീൻ കേരളത്തിലെ വ്യാപാരികളുടെ മുഖമായി മാറി.
കച്ചവടക്കാരെയും വ്യാപാര മേഖലയെയും സംഘടിപ്പിച്ച് ഒരുമിച്ചു നിർത്തിയതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരമേഖല അടച്ചുപൂട്ടിയപ്പോൾ, പ്രളയക്കെടുതിയിലെ വ്യാപാര മേഖലയുടെ തളർച്ചയിൽ സർക്കാർ അവഗണിച്ചപ്പോൾ, മിഠായിതെരുവ് നവീകരണം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വ്യാപാര സമൂഹത്തിന്റെ ആർജവമുള്ള മുഖമായി നിറഞ്ഞുനിന്നു. തുടർച്ചയായ ഹർത്താലിനെതിരെയും അദ്ദേഹം കച്ചവടക്കാരുടെ കരുത്തായി മുന്നിലുണ്ടായിരുന്നു. ഹർത്താലുകളോട് സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും പറഞ്ഞ് നിരവധി തവണ അദ്ദേഹം ഹർത്താലിനെതിരെ ശക്തമായി രംഗത്തുവന്നു.
ഹർത്താൽ വിരുദ്ധ വ്യാപാരി കൂട്ടായ്മയെന്ന ആശയത്തിലേക്ക് വ്യാപാര സമൂഹത്തെ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വ്യാപക ശ്രമമുണ്ടായി. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇരുവിഭാഗമായി തിരിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലടക്കം വിജയം അദ്ദേഹത്തിനൊപ്പമായിരുന്നെന്നത് കേരളത്തിലെ വ്യാപാരികളുടെ ഇടയിലെ നസിറുദ്ദീന്റെ സ്വാധീനംതന്നെയാണ് വെളിവാക്കിയത്.
കോഴിക്കോട്ട് മാത്രമല്ല മറ്റു ജില്ലകളിലേയും വ്യാപാര സമരങ്ങളിലും ഏകോപനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ ഗുണം ചെയ്തിരുന്നു. ജി.എസ്.ടിയുടെ പേരിലും മറ്റ് ലൈസൻസുകളുടെ പേരിലും വ്യാപാരികൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ അദ്ദേഹം സർക്കാർ സംവിധാനങ്ങളോടും ഉദ്യോഗസ്ഥരോടും നിരന്തരം പൊരുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.