ടി.പി. വധം: വിടാതെ പിന്തുടർന്ന് വിജയം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പഴുതുകൾ നൽകാതെയുള്ള നിയമപോരാട്ടമാണ് പ്രതികളുടെ ശിക്ഷ വർധിപ്പിക്കാൻ ഇടയാക്കിയത്. കെ.കെ. രമ എം.എൽ.എയുടെയും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി. കുമാരൻ കുട്ടിയുടെയും നേതൃത്വത്തിലാണ് കേസ് നടന്നത്. വിചാരണകോടതിയിൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.കെ. ശ്രീധരൻ സ്ഥാനമൊഴിഞ്ഞതോടെ കേസ് നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തമേറ്റെടുത്ത് ഹൈകോടതിയിലും വിജയം നേടിയിരിക്കുകയാണ് സംഘം. സംസ്ഥാന സർക്കാർ വലിയ താൽപര്യം കാണിക്കാതിരുന്ന കേസായിട്ടും പ്രോസിക്യൂഷന് വിജയം നേടാനായത് ഇവരുടെ ആത്മാർഥ ശ്രമംകൊണ്ടാണ്.
കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കാസർകോട് ഡി.സി.സി പ്രസിഡന്റുമായിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരൻ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് ഹൈകോടതിയിൽ അപ്പീൽവാദം തുടങ്ങാനിരിക്കെ ചുമതലകളിൽനിന്ന് ഒഴിവായിരുന്നു. അദ്ദേഹം സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു.
2023 സെപ്റ്റംബർ നാല് മുതൽ അഞ്ച് മാസത്തോളം എല്ലാ ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈകോടതി അന്തിമ വിധിയിലെത്തിയത്. കേസിൽ അഞ്ചാം സാക്ഷിയായ കെ.കെ. രമയും ആറാംസാക്ഷി അച്യുതനുമാണ് സി.പി.എമ്മിന് ടി.പിയോട് ശത്രുതയുള്ളതായി മൊഴി നൽകിയത്. ആക്രമിക്കുന്നതിന് നാലുമാസം മുമ്പ് സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കത്ത് ലഭിച്ചകാര്യം രമ കോടതിയിൽ പറഞ്ഞു. താൻ മുമ്പ് പ്രവർത്തിച്ച പാർട്ടി, തീരുമാനിച്ച കാര്യം നടപ്പാക്കാതെ പിന്മാറില്ലെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ അത് കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ തുടങ്ങിയ പ്രതികൾ അറിഞ്ഞുകൊണ്ടായിരിക്കുമെന്നും ടി.പി പറഞ്ഞിരുന്നതായി രമ മൊഴി നൽകി. വധിക്കപ്പെടുന്നതിന് ഒരാഴ്ചമുമ്പാണ് ടി.പി ഇക്കാര്യം പറഞ്ഞിരുന്നതെന്നും രമ മൊഴി നൽകിയിരുന്നു.
വിചാരണ കോടതി കണ്ടെത്തലുകൾ അംഗീകരിച്ചു
കൊച്ചി: വിചാരണ കോടതിയുടെ ശിക്ഷാവിധി ശരിവെച്ച ഹൈകോടതി, കൂടുതൽ കുറ്റങ്ങൾകൂടി ചുമത്തിയാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. വിചാരണ കോടതി കണ്ടെത്തിയ എല്ലാ കുറ്റങ്ങളും ശരിവെക്കുന്നതായി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. കൂടാതെ ആറുപേർക്കെതിരെ ഗൂഢാലോചന കുറ്റം ഹൈകോടതിയും ചുമത്തി. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാർ സംഘടിപ്പിച്ച 18ാം പ്രതി റഫീഖിന് വാഹനം കൊലപാതകത്തിന് ഉപയോഗിക്കാനാണെന്ന് അറിയാമായിരുന്നുവെന്ന ഉത്തരവ് ഹൈകോടതി ശരിവെച്ചു. അതിനാൽ, കൊലപാതക കുറ്റത്തിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷക്ക് അർഹനാണ്. അതേസമയം, വ്യാജ രേഖയുണ്ടാക്കിയെന്നതിന് തെളിവില്ലാത്തതിനാൽ കുറ്റം ചുമത്താനാവില്ല.
ആയുധങ്ങൾ ഒളിപ്പിച്ചുവെന്ന കുറ്റം 31ാം പ്രതി പ്രദീപനെതിരെ വ്യക്തമാണ്. അതിനാൽ തെളിവു നശിപ്പിച്ചെന്ന കണ്ടെത്തൽ ശരിയാണ്. അതേസമയം, ആറാം പ്രതിയെ ആശുപത്രിയിലെത്തിച്ച് തെറ്റായ വിവരം നൽകി എന്നതിന് തെളിവില്ലാത്തതിനാൽ ബന്ധപ്പെട്ട കുറ്റം ചുമത്താനാവില്ല. വിട്ടയക്കപ്പെട്ടവരുടെ കാര്യത്തിലും വിചാരണ കോടതിയുടെ നിലപാടിൽ തെറ്റില്ലെന്നും പ്രതിചേർക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പുതുതായി പ്രതിചേർത്ത കെ.കെ. കൃഷ്ണനും ജ്യോതിബാബുവും മറ്റ് പ്രതികൾക്ക് നൽകിയ ശിക്ഷക്ക് അർഹരാണെങ്കിലും പ്രായാധിക്യവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് ജീവപര്യന്തം മാത്രമാക്കി ചുരുക്കുന്നത്. ശിക്ഷാഇളവ് അവകാശം റദ്ദാക്കാതെയാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
അപൂർവ ശ്രദ്ധ നേടിയ കേസ്: തെരഞ്ഞെടുപ്പിലും ചർച്ചയാവും
കോഴിക്കോട്: കേരളത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ കോടതി നടപടികൾ വൻ മാധ്യമശ്രദ്ധയാണ് ആകർഷിച്ചത്. 2012 ആഗസ്റ്റ് 13ന് 76 പേരെ പ്രതിയാക്കി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയതു മുതൽ കേസ് മുഴുവനായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2012 നവംബർ 15ന് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയതോടെ കനത്ത കാവലിൽ പ്രതികളെ എരഞ്ഞിപ്പാലത്തെ കോടതിയിൽ എത്തിക്കുന്നതും അവർ പോവുന്ന വഴികളുമെല്ലാം മാധ്യമങ്ങൾ പിന്തുടർന്നു.
വിചാരണ കോടതി നടപടികൾ ഇത്ര വിശദമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവവും സംസ്ഥാനത്ത് ആദ്യമായായിരുന്നു. 2013 ജൂലൈ 31ന് സാക്ഷിവിസ്താരം പൂർത്തിയായി 2014 ജനുവരി 28ന് വിധി വരുംവരെ കോടതിയിലെ ഓരോ നടപടികളും പൂർണമായി റിപ്പോർട്ട് ചെയ്തിരുന്നു. കൊലക്കുശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ടി.പി കേസ് ചർച്ചയായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.കെ. രമ സ്ഥാനാർഥിയായതോടെ കൊലപാതകം വലിയ ചർച്ചയായി. ചൊവ്വാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സ്ഥാനാർഥികളുടെ പ്രതികരണം വരുന്നതിനിടെ ശിക്ഷ വർധിപ്പിച്ചുള്ള കോടതി വിധികൂടി വന്നതോടെ മാധ്യമശ്രദ്ധ അങ്ങോട്ടു മാറി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചനക്കുപിന്നിൽ പ്രവർത്തിച്ചവരെ പൂർണമായും നിയമത്തിന്റെ പിടിയിൽ കൊണ്ടുവരേണ്ടതുണ്ട്. ക്രൂരകൃത്യത്തിന് പിന്നിലെ മുഴുവൻ പ്രതികളും നിയമത്തിന് മുന്നിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വിധി പഠിച്ചശേഷം മേൽകോടതിയെ സമീപിക്കുന്നത് പരിഗണിക്കും. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഒരാളെയും കൊല്ലരുതെന്ന സന്ദേശം നൽകുന്ന കോടതിവിധി സ്വാഗതാർഹമാണ്
കെ.കെ. രമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.