എല്ലാ കാർഡുകളും മേശപ്പുറത്തിടണം; തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിൽ -ടി. പത്മനാഭൻ
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെ വിമർശിച്ച് സാഹിത്യകാരൻ ടി. പത്മനാഭൻ. അധികാര പരിധി കുറക്കാൻ വേണ്ടിയാണ് സർക്കാർ ഹേമ കമീഷനെ ഹേമ കമ്മിറ്റിയാക്കി മാറ്റിയത്.പുറത്തുവന്ന കടലാസ് കഷണങ്ങളിൽ ഒരുപാട് ബിംബങ്ങൾ തകർന്നുവീണു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണ്. ഊഹാപോഹങ്ങൾക്ക് ഇടവരാൻ സർക്കാർ അനുവദിക്കരുത്. അതിന് അനുമതി നൽകിയാൽ ചിലപ്പോൾ നിരപരാധികളെ കുറിച്ചും സംശയമുയരും. അവരുടെ പേരുകളും റിപ്പോർട്ടിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും. അത് സംഭവിക്കരുത്. എല്ലാ കാർഡുകളും എടുത്ത് മേശപ്പുറത്തിടണമെന്നും ടി. പത്മനാഭൻ ആവശ്യപ്പെട്ടു.
എങ്കിൽ മാത്രമേ സർക്കാറിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകൂ. അത് സർക്കാർ മനസ്സിലാക്കണം. അല്ലെങ്കിൽ അവർക്കും മോശമാണ്. നമുക്കും മോശമാണ്. സാംസ്കാരിക കേരളത്തിന് ഒന്നടങ്കം മോശമാണെന്നും ടി.പത്മനാഭൻ പറഞ്ഞു.
നാലരവർഷമാണ് സർക്കാർ റിപ്പോർട്ടിൻ മേൽ അടയിരുന്നത്. സർക്കാറിന്റെ ആദ്യ പാപം നടന്നത് അവിടെയായിരുന്നു. ഇരയുടെ ഒപ്പം എന്ന് പറയുന്നുണ്ടെങ്കിലും ഒരിക്കലും അങ്ങനെ അല്ല. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ദുഃഖിപ്പിക്കുന്നതാണ്. സർക്കാറിന്റെ വിഷമത്തിലും ആഹ്ലാദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യാൻ പോകുന്നവരുടെ വിഷമത്തിലും താൻ ആനന്ദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.