ടി. പത്മനാഭന്റെ വിമർശനം വേദനിപ്പിച്ചു- എം.സി ജോസഫൈൻ
text_fieldsകൊച്ചി: കഥാകൃത്ത് ടി പത്മനാഭന്റെ വിമർശനം വേദനയുണ്ടാക്കിയെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്നാൽ എന്താണ് ഉണ്ടായതെന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിച്ച് വനിതാ കമ്മീഷനെ അപമാനിക്കരുതെന്നും എം.സി ജോസഫൈൻ പറഞ്ഞു. കഴിഞ്ഞ ദിവസം എം.സി ജോസഫൈനെ കഥാകൃത്ത് ടി.പത്മനാഭൻ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്നോവ കാറും വലിയ ശമ്പളവും നൽകി വനിത കമീഷൻ അധ്യക്ഷയെ നിയമിച്ചത് എന്തിനാണെന്നായിരുന്നു ടി.പത്മനാഭന്റെ ചോദ്യം. ഗൃഹസന്ദർശനത്തിനായി പി. ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ എത്തിയപ്പോഴായിരുന്നു പത്മനാഭൻ പ്രതിഷേധം അറിയിച്ചത്.
87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കഥാകൃത്ത് പറഞ്ഞു. ഈ വിമർശിച്ചതിന് തനിക്കെതിരെ കേസെടുക്കാൻ ജോസഫൈൻ മടിക്കില്ലെന്നും പത്മനാഭൻ പറഞ്ഞു.
കിടപ്പുരോഗിയായ പരാതിക്കാരിയോട് വനിതാകമീഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ച സംഭാഷണം പുറത്തുവന്നത് ജോസഫൈനെ വെട്ടിലാക്കിയിരുന്നു. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച് ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ ശകാരിക്കുകയും ചെയ്തു. ഇതാണ് ടി. പത്മനാഭനെ ചൊടിപ്പിച്ചത്.
സംഭവത്തിൽ വിശദീകരണവുമായി ജോസഫൈൻ രംഗത്തെത്തിയിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി വനിതാ കമ്മീഷൻ പരിശോധിച്ചിരുന്നു. കമ്മീഷന്‍റെയും പൊലീസിന്റെയും നിയമനടപടികൾ നടക്കുന്നുണ്ട്. പരാതിക്കാരൻ ഫോൺ വിളിച്ചപ്പോൾ ആശയ വിനിമയത്തിൽ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചതെന്നുമായിരുന്നു വനിതാ കമ്മീഷൻ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.