പാട്ട് പാടി ആഘോഷമൊക്കെ കഴിഞ്ഞ് ഇന്ന് വനം മന്ത്രി വന്നിട്ടുണ്ട് -ടി. സിദ്ദീഖ്
text_fieldsകോഴിക്കോട്: വയനാട് മാനന്തവാടിയിൽ സ്ത്രീയെ കടുവ കൊന്ന് തിന്ന ദുരന്തമുണ്ടായതിന് ശേഷം സന്ദർശക റോളിലാണ് വനം മന്ത്രി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ടി. സിദ്ദീഖ് എം.എൽ.എ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മാസ്റ്റർ പ്ലാൻ അടക്കം നടപ്പിലാക്കി മുന്നോട്ടുപോകുന്നതിന് പകരം പരസ്യപ്രതിഷേധം ആരംഭിച്ച ശേഷമാണ് അദ്ദേഹം വരാൻ തയാറായതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.
പാട്ട് പാടി ആഘോഷമൊക്കെ കഴിഞ്ഞ ശേഷം ഇന്ന് വനം മന്ത്രി വന്നിട്ടുണ്ട്. എങ്ങനെ ഈ സമയത്ത് പാട്ടുപാടൻ കഴിയുന്നു? വയനാട്ടിലെ സാമൂഹിക ജീവിതം പൂർണമായി തകർന്നിരിക്കുകയാണ്. ഇന്ന് രാവിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ പെരുതട്ടയിൽ ഒരു പശുക്കിടാവിനെ പുലി ഭക്ഷിച്ചു. ഓരോ ദിവസവും കടുവയും പുലിയും കാട്ടാനയും ആക്രമിക്കുകയാണ്... -എം.എൽ.എ കുറ്റപ്പെടുത്തി.
അതിനിടെ, എ.കെ. ശശീന്ദ്രനെതിരെ വിമർശനവുമായി കെ. മുരളീധരനും രംഗത്തെത്തി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചത് കേരളത്തിൽ നടപ്പാക്കിയത് വനം മന്ത്രി എ.കെ ശശീന്ദ്രനാണെന്ന് മുരളീധരൻ പറഞ്ഞു.
ആദിവാസി സ്ത്രീയെ കടുവ കൊന്ന സംഭവത്തിൽ ഒരു ജനത മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ എങ്ങനെ മന്ത്രിക്ക് പാട്ടുപാടാൻ കഴിഞ്ഞു എന്നാണ് അദ്ഭുതപ്പെടുന്നത്. കേരളത്തോട് മന്ത്രി മാപ്പു ചോദിക്കണം. അവിടെ ആദിവാസികളെല്ലാം ഭയപ്പെട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് കടുവ, ഒരു ഭാഗത്ത് ആന. ഈ സമയത്ത് ഒരു നയം രൂപീകരിക്കാൻ സർക്കാറിന് കഴിയുന്നില്ല. എന്നിട്ട് പാട്ടു പാടുകയാണ്. ഇത് ജനത്തെ അവഹേളിക്കുകയാണ് -മുരളീധരൻ വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.