ദുരിതം പേറി താജിനയും മക്കളും നഷ്ടമായത് ഇടത് കാലും ഗർഭസ്ഥ ശിശുവും
text_fieldsവള്ളിക്കുന്ന്: വിമാന ദുരന്തം സമ്മാനിച്ച പരിക്കുകളിൽനിന്ന് ഇനിയും മോചിതരായിട്ടില്ല താജിനയും മക്കളും. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി കുട്ടിമാക്കാൻറകത്ത് അബ്ദുൽ റഷീദ് 2020 മാർച്ചിലാണ് കുടുംബത്തെ ദുബൈയിൽ കൊണ്ടുവന്നത്. കോവിഡ് ശക്തമായതോടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് നടന്നില്ല.
അങ്ങനെയാണ് വന്ദേ ഭാരത് മിഷനിൽ രജിസ്റ്റർ ചെയ്ത് ഭാര്യ താജിനയെയും മക്കളായ മുഹമ്മദ് ഹിഷാം (12), ഹാദിയ (എട്ട്) എന്നിവരെയും നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചത്. യാത്ര ചെയ്യുേമ്പാൾ താജിന നാലുമാസം ഗർഭിണിയായിരുന്നു. അപകടത്തിൽ താജിനയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ഒരു മാസത്തിനുശേഷം കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി. പഴുപ്പ് ബാധിച്ചതിനെ തുടർന്ന് ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. ഇരുകാലുകളുടെയും തുടയെല്ല് പൊട്ടിയതിനാൽ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു.
ശസ്ത്രക്രിയക്കിടെ ഗർഭം അലസി. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ്. മുറിവിൽ പഴുപ്പുള്ളതിനാൽ നീര് വരുന്നുണ്ട്. വീണ്ടും ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മുട്ടിന് മുകളിലേക്ക് മുറിച്ചു മാറ്റണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കൃത്രിമ കാൽ വെക്കണമെങ്കിൽ മുറിവ് പൂർണമായും ഉണങ്ങിയാൽ മാത്രമേ സാധിക്കൂ. മകളുടെ കാലിലും കമ്പിയിട്ടിട്ടുണ്ട്. മകൻ മുഹമ്മദ് ഹിഷാമിെൻറ വലത് കാലിനാണ് കൂടുതൽ പരിക്ക്. ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം രൂപയാണ് ആകെ തന്നത്. ഇത് വരെയുള്ള ചികിത്സ ചെലവുകളും അവർ തന്നെ വഹിച്ചു. താൽക്കാലിക ആശ്വാസം എന്ന നിലയിൽ നൽകിയ രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുന്ന സമയത്ത് കുറയ്ക്കുമെന്നാണ് കമ്പനി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.