വഴിയോര വിശ്രമകേന്ദ്രം ഹോട്ടലായി മാറി; തീർഥാടകരടക്കം പെരുവഴിയിൽ
text_fieldsമുക്കം: ലക്ഷങ്ങൾ മുടക്കി ഒരു വഴിയോര വിശ്രമകേന്ദ്രമുണ്ടായിട്ടെന്താ; യാത്രക്കാർക്ക് ശരണം റോഡ് സൈഡ് തന്നെ. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് മാടാമ്പുറത്ത് നിർമിച്ച് ടേക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രമാണ് യാത്രക്കാർക്ക് ഉപകാരമില്ലാതെ കിടക്കുന്നത്. ടേക് എ ബ്രേക്കിന്റെ പ്രധാന ലക്ഷ്യമായ വഴിയോര യാത്രക്കാർക്കുള്ള വിശ്രമമെന്നത് ഭക്ഷണപ്രിയർക്കുള്ള ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് മാടാമ്പുറത്ത് സംസ്ഥാന പാതയോരത്ത് യാത്രക്കാർക്ക്, പ്രത്യേകിച്ച് ദീർഘദൂര യാത്രക്കാർക്കുവേണ്ടിയാണ് കേന്ദ്രം നിർമിച്ചത്. എന്നാൽ, അഭിമാന പദ്ധതിയായി നിർമിച്ച കേന്ദ്രത്തിന്റെ പ്രധാന ഭാഗം ഹോട്ടലാണ്. കഴിഞ്ഞ ദിവസം ഇതുവഴി വന്ന ശബരിമല തീർഥാടകരടക്കമുള്ള യാത്രക്കാർ കൈയിൽ കരുതിയ ഭക്ഷണം കഴിക്കാനുൾപ്പെടെ പാതയോരത്തെ ആശ്രയിക്കേണ്ടി വന്നു.
വിശ്രമകേന്ദ്രം വലിയ തുക വാടക വാങ്ങിയാണ് പഞ്ചായത്തധികൃതർ ഹോട്ടലിനായി വിട്ടുനൽകിയത്. ഇപ്പോൾ ഇതിന്റെ മുൻഭാഗം പൂർണമായും ഹോട്ടലായാണ് ഉപയോഗിക്കുന്നത്. ഹോട്ടലിന് അകത്തുകൂടി ഉള്ളിലേക്ക് കടന്നുചെന്നാൽ ഒരു മുറി ഏതാനും കസേരകളുമിട്ട് ഒഴിച്ചിട്ടിട്ടുണ്ട്. പക്ഷേ, ഇത് യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റു ആവശ്യങ്ങൾക്കും അനുയോജ്യമല്ല. വഴിയാത്രക്കാർക്ക് ഉപയോഗിക്കാൻ ആകെയുള്ളത് ശൗചാലയ സൗകര്യം മാത്രമാണ്.
ശൗചാലയം ഉപയോഗിക്കുന്നതിന് പത്തുരൂപ വീതം യൂസർ ഫീ വാങ്ങുന്നതായി തീർഥാടകർ പറഞ്ഞു. തുടക്കത്തിൽ ഒരുഭാഗത്ത് ലഘുഭക്ഷണമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വിശ്രമകേന്ദ്രത്തിന്റെ മേൽനോട്ടവും ഭക്ഷണശാല നടത്തിപ്പും കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തിട്ടുള്ളവരാണ് ഹോട്ടൽ നടത്തുന്നത്.
സാധാരണനിലയിൽ ഇത്തരം വിഷയങ്ങൾക്കെതിരെ പ്രതികരിക്കാറുള്ള ഇടതുപക്ഷവും മൗനം തുടരുകയാണ്. ഇടത് സഹയാത്രികനായ ആളാണ് ഹോട്ടൽ നടത്തിപ്പ് എന്നതിനാലാണിത്. ജൂൺ 14 നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതിയിൽ സ്വച്ഛ് ഭാരത് മിഷന്റെ ശുചിത്വമിഷൻ ഫണ്ട്, തനത് ഫണ്ട്, ധനകാര്യ കമീഷൻ ഗ്രാന്റ് എന്നിവയിൽനിന്ന് ലഭിച്ച 4219000 രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പണി പൂർത്തിയാക്കിയത്. മുകളിലത്തെ നിലയിൽ യാത്രക്കാർക്ക് താമസിക്കാൻ ഡോർമെട്രി, റൂമുകൾ എന്നിവയാണ് ഇനി നിർമിക്കാനുള്ളത്. സ്ത്രീകൾ, കുട്ടികൾ, തീർഥാടകർ, ഭിന്നശേഷിക്കാർ, ദീർഘദൂര യാത്രക്കാർ തുടങ്ങി എല്ലാവർക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്കരീതിയിലുള്ള 5 ശുചി മുറികളും 3 യൂറിനൽ പോയന്റുകളും വാഷ് ബേസിനുകളും കോഫി ഷോപ്പുകളും വിശ്രമമുറികളുമടങ്ങുന്ന സൗകര്യങ്ങളോടെയാണ് ഈ വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചത്.
തീർഥാടകർ അടക്കമുള്ളവർക്ക് ഉപയോഗപ്രദമാകുന്നതരത്തിൽ ടേക് എ ബ്രേക്കിനെ വിശ്രമകേന്ദ്രമായിതന്നെ ഉപയോഗിക്കാൻ സാഹചര്യമുണ്ടാക്കണമെന്ന് മാടക്കശേരി ക്ഷേത്രസമിതി പ്രസിഡന്റ് ബാബു എള്ളങ്ങൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.