അവധിക്കാലം മുതലെടുത്ത് ആകാശക്കൊള്ള
text_fieldsപഴയങ്ങാടി: ക്രിസ്മസ് അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികൾ ഗൾഫിലേക്കുള്ള യാത്ര നിരക്ക് രണ്ടും മൂന്നും മടങ്ങായി വർധിപ്പിച്ചു. അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയ നിരവധി പ്രവാസികളുടെയും കുടുംബങ്ങളുടെയും മടക്ക യാത്ര വിമാനക്കമ്പനികളുടെ ആകാശ കൊള്ളയിൽ പ്രതിസന്ധിയിലായി.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും കേരളത്തിലെ ഗൾഫ് യാത്രക്കാർ ആശ്രയിക്കുന്ന മംഗലാപുരം വിമാനത്താവളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര നിരക്ക് ഈ മാസം അവസാനത്തെ ആഴ്ചയിലും പുതുവർഷത്തെ ആദ്യ രണ്ടാഴ്ചകളിലും രണ്ടിരട്ടിയിലേറെ വർധിപ്പിച്ചിട്ടുണ്ട്.
കണ്ണൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ യാത്ര നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. ആഴ്ചയിൽ ഞായർ, ചൊവ്വ ദിവസങ്ങളിൽ മാത്രം കണ്ണൂരിൽ നിന്ന് ദുബൈയിലേക്ക് സർവിസ് നടത്തുന്ന ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ, ദുബൈയിലേക്ക് ഏക യാത്രക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് 32,400 രൂപയാണ്. ഡിസംബറിലെ അവശേഷിക്കുന്ന സർവിസുകൾക്കും ജനുവരി ആദ്യവാരത്തിലും ഈ നിരക്കിലാണ് എയർ ഇന്ത്യ ടിക്കറ്റുകൾ വിൽപന നടത്തുന്നത്. സാധാരണ നിരക്കിനേക്കാൾ മൂന്നു മടങ്ങിലേറെ കൂടുതലാണിത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻ്റിഗോ, ഗോ ഫെസ്റ്റ്, ഫ്ലൈ ദുബൈ, എയർ അറേബ്യ തുടങ്ങിയ ബജറ്റ് എയർലൈനുകളും യാത്ര നിരക്ക് മത്സരിച്ച് വർധിപ്പിക്കുകയാണ്. കണ്ണൂരിൽനിന്ന് അബൂദബിയിലേക്ക് ഈ മാസം 30,000 രൂപക്ക് മുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ വിറ്റഴിക്കുന്നത്.
ജനുവരി ആദ്യ രണ്ട് ആഴ്ചകളിൽ മസ്കത്തിലേക്ക് കണ്ണൂരിൽനിന്ന് ഏക യാത്രക്ക് 33,000 രൂപയും കോഴിക്കോട് നിന്ന് 35,000 രൂപയും കൊച്ചിയിൽ നിന്ന് 42,000 രൂപയും ഈടാക്കിയാണ് ഒമാൻ എയർവേസ്, ബജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, സലാം എയർ എന്നിവ യാത്രക്കാരുടെ ചിറകൊടിക്കുന്നത്. പൊതുവെ കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുന്ന ഷാർജ വിമാനത്താവളങ്ങളിലേക്ക് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിൽനിന്ന് ഇപ്പോൾ ഏക യാത്രക്ക് ഈടാക്കുന്നത് 20,000 രൂപ മുതൽ 24,000 രൂപ വരെയാണ്.
മംഗലാപുരത്തുനിന്ന് ഷാർജയിലേക്കും ദുബൈയിലേക്കും 24,000 മുതൽ 26,000 രൂപ വരെ നൽകുന്നത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് ദോഹയിലേക്ക് യാത്ര നിരക്ക് 21,000 രൂപയിലേറെയാണ്. സൗദി അറേബ്യയിലേക്ക് ദുബൈ വഴി യാത്ര ചെയ്യാൻ ഫ്ലൈ ദുബൈ ഈടാക്കുന്നത് ഈ ദിവസങ്ങളിൽ 77,000 രൂപക്ക് മുകളിലാണ്. ഗൾഫ് രാജ്യങ്ങളിൽനിന്ന് അവധിക്കാലത്ത് വൻ തുക ടിക്കറ്റിന് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.