കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനക്കേസ് നൽകിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാകും ഇത്. കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് ലഭിക്കുന്ന സാഹചര്യത്തിലാണിത്. കുറവിലങ്ങാെട്ട മഠത്തിനു സമീപത്തുള്ള ചിലരുടെ മൊഴിയെടുക്കണമെന്ന നിർദേശവും സംഘത്തിനു ലഭിച്ചിട്ടുണ്ട്
തെളിവുകൾ ബിഷപ്പിനെതിരാകുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനാലാണ് അന്വേഷണ സംഘം ശക്തമായ നിലപാട് എടുക്കുന്നതെന്നാണ് വിവരം. ജലന്ധർ രൂപത ചാൻസലർ, മദർ സുപ്പീരിയർ, മദർ ജനറാൾ, ബിഷപ്പിെൻറ ഇടവക ഉൾപ്പെടുന്ന രൂപത ചാൻസലർ, ബിഷപ്പിെൻറ മാതൃ ഇടവകയിലെ വികാരി എന്നിവരിൽനിന്ന് മൊഴിയെടുക്കുന്നതും പൊലീസ് തള്ളുന്നില്ല. മൊഴിയിൽ കന്യാസ്ത്രീ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം അടുത്തഘട്ടത്തിലേക്ക് നീക്കാനും തീരുമാനിച്ചിട്ടുണ്ട്.
കന്യാസ്ത്രീയുെട മൊഴിയുടെ ആധികാരിക ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. മൊഴിയിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ, തീയതികൾ, സ്ഥലങ്ങൾ എന്നിവ സ്ഥിരീകരിക്കാനാണ് തീരുമാനം. ഇതിൽ വ്യക്തതയുണ്ടായാൽ ബിഷപ്പിനെ ചോദ്യം ചെയ്യും. അതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്താനും ആലോചിക്കുന്നുണ്ട്.
2014 ഏപ്രിൽ അഞ്ചിന് ചാലക്കുടിയിൽ നടന്ന ചടങ്ങിൽ പെങ്കടുത്തശേഷം കുറവിലങ്ങാട് മഠത്തിൽ എത്തിയപ്പോഴായിരുന്നു ആദ്യ പീഡനമെന്നാണ് മൊഴി. അന്ന് ചാലക്കുടിയിൽ പരിപാടി നടന്നിരുന്നോ ബിഷപ് അവിടെ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതവരുത്താൻ വ്യാഴാഴ്ച പൊലീസ് ചാലക്കുടിക്ക് പേകും. വിഡിയോ ദൃശ്യങ്ങളടക്കം ശേഖരിക്കും. കന്യാസ്ത്രീയുെട നാടായ കോടനാട്ടും എത്തും.
കന്യാസ്ത്രീക്കെതിരെ ബിഷപ് നൽകിയ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്. ബിഷപ്പിെന ഭീഷണിെപ്പടുത്തിയെന്ന് ജലന്ധർ രൂപത പി.ആർ.ഒ നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നവരെ ഉടൻ ചോദ്യംചെയ്യും. ബുധനാഴ്ച കന്യാസ്ത്രീയുടെ സഹോദരനായ വൈദികനിൽനിന്ന് മൊഴിയെടുത്തു. സംഭവം നടന്നതായി സഹോദരി പറഞ്ഞുള്ള അറിവുമാത്രമാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതിനിടെ, പരാതി ഒത്തുതീർപ്പാക്കാനും തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. ജലന്ധർ സഭ നേതൃത്വത്തിലുള്ളവർ കോട്ടയത്ത് എത്തിയാണ് കരുക്കൾ നീക്കുന്നത്. എന്നാൽ, കന്യാസ്ത്രീ ഒത്തുതീർപ്പിനിെല്ലന്ന നിലപാടിലാണ്. ഇവരുടെ ബന്ധുക്കൾക്കും ഏറെ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ പൊലീസിനുമേൽ സമ്മർദമുള്ളതായും വിവരമുണ്ട്. ബിഷപ്പിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്. ഇതിനായി ഡൽഹി കേന്ദ്രീകരിച്ചും ചരടുവലികൾ നടന്നുവരുകയാണ്. സർക്കാറുമായി ബന്ധമുള്ളവരെ സ്വാധീനിച്ചാണ് നീക്കങ്ങളെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.