ജിഫ്രി തങ്ങൾക്ക് വധഭീഷണി: മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാന്തപുരം
text_fieldsമലപ്പുറം: അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും കൊലയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്നും കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.
അത്തരം മോശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നയിക്കുന്നത് ആദര്‍ശ മൂല്യങ്ങളല്ല, മൃഗീയതയാണ്. അഭിപ്രായ ഭിന്നതകളുടെയും വ്യത്യസ്ത നിലപാടുകളുടെയും പേരില്‍ ആര്‍ക്കെതിരെയും ഇത്തരം ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. വിദ്വേഷ – വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാറും പൊതു സമൂഹവും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ഒരുമയെ തകര്‍ക്കുന്ന പ്രവണതകളെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമീപ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപാഹ്വാനങ്ങളും വംശഹത്യാ ഭീഷണിയും ഏറെ ആശങ്കയുയര്‍ത്തുന്നു. വിവിധ മതവിശ്വാസികള്‍ക്ക് നേരെയുള്ള വെല്ലുവിളിക്കെതിരെ പൊതുസമൂഹം കൈകോര്‍ക്കണം. രാജ്യത്തെ സമാധാനം കെടുത്തുന്ന ഇത്തരം ദുശ്ശക്തികളെ ഭരണകൂടം പിടിച്ചുകെട്ടണം.
പുതുവര്‍ഷം ആത്മ പരിശോധനയുടേതും പുരോഗതിക്കായുള്ള പുതു പ്രതിജ്ഞകളുടേതുമാകണം. ഇതിനു പകരം അര്‍ഥമില്ലാത്ത ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ആഘോഷങ്ങളെ ലഹരിയില്‍ മുക്കി സമൂഹത്തെ നിര്‍ജ്ജീവമാക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ കാണാതിരുന്നു കൂടാ. ലഹരി ലഭ്യമാവുന്ന വഴികള്‍ അടച്ച് ഈ ആപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനുള്ള കടമയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു മാറരുതെന്നും കാന്തപുരം പറഞ്ഞു.
മഅദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ശൈഖ് രിഫാഈ ആണ്ട് നേര്‍ച്ച, രിഫാഈ മൗലിദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, ബാഖിര്‍ ശിഹാബ് തങ്ങള്‍, ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.