നിഖിൽ തോമസുമായി തെളിവെടുപ്പ്; വ്യാജ സർട്ടിഫിക്കറ്റ് കണ്ടെടുത്തു
text_fieldsകായംകുളം: എം.എസ്.എം കോളജിൽ എം.കോം പ്രവേശനത്തിന് എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് സമർപ്പിച്ച കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കണ്ടെടുത്തു. അതേസമയം, കേസിൽ നിർണായകമാകുന്ന നിഖിലിന്റെ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കോട്ടയത്തുനിന്ന് അറസ്റ്റിലായ നിഖിലുമായി വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്. മറ്റ് ചില നിർണായക രേഖകളും കണ്ടെടുത്തു.
നിഖിലിന്റെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിയാത്തത് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒളിവിൽ പോകാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ പാർക്ക് ജങ്ഷന് സമീപത്തെ കരിപ്പുഴ തോട്ടിലേക്ക് ഫോൺ എറിഞ്ഞതായാണ് മൊഴി.
എന്നാൽ, ഇയാൾ പറഞ്ഞ സമയം വെച്ച് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഇങ്ങെന ഒരു സംഭവം നടന്നതായി കണ്ടെത്താനായില്ല. മൊബൈൽ ഒളിപ്പിച്ചതിൽ പൊലീസ് ദുരൂഹത കാണുന്നുണ്ട്. നിഖിൽ നേരത്തേ നൽകിയ മൊഴികളിൽ ഉറച്ച് നിൽക്കുന്നതും കൂടുതൽ പറയാൻ തയാറാകാത്തതും പൊലീസിനെ കുഴക്കുന്നു.
2017-2020 വർഷത്തിൽ എം.എസ്.എം കോളജിൽ പഠിച്ച നിഖിൽ അതേകാലയളവിലെ കലിംഗ സർവകലാശാലയിൽ നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എം.കോം പ്രവേശനം നേടിയത്.
അന്ന് എസ്.എഫ്.ഐ ഏരിയ പ്രസിഡന്റും ജില്ല സെക്രേട്ടറിയറ്റ് അംഗവുമായിരുന്ന അബിൻ സി. രാജാണ് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്നാണ് നിഖിലിന്റെ മൊഴി.
ഇതിനായി രണ്ട് ലക്ഷം രൂപ അബിന്റെ മാതാവിന്റെ കറ്റാനം ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകിയത്.
കായംകുളം ഫെഡറൽ ബാങ്ക് ശാഖയിൽനിന്ന് പേ ഇൻ സ്ലിപ്പ് ഉപയോഗിച്ചാണ് തുക അയച്ചത്. ബി.കോം ഫസ്റ്റ് ഗ്രേഡിൽ പാസായ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, മൈഗ്രേഷൻ, ടി.സി എന്നിവ എറണാകുളത്തുള്ള ‘ഓറിയോൺ’ എന്ന ഏജൻസി വഴിയാണ് സംഘടിപ്പിച്ചതെന്നാണ് മൊഴി. രണ്ടാം പ്രതിയായി ഉൾപ്പെടുത്തിയ അബിൻ സി. രാജിനെ കസ്റ്റഡിയിൽ എടുക്കുന്നതോടെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കൂടുതൽ വിവരങ്ങൾ കിട്ടുകയുള്ളു.
മാലിയിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്. നിഖിലിനെ തിങ്കളാഴ്ച എം.എസ്.എം കോളജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.