തളിപ്പറമ്പ് ഇടതിനൊപ്പം; മാറ്റം പ്രതീക്ഷിച്ച് യു.ഡി.എഫ്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് നിയമസഭ നിയോജകമണ്ഡലം 1965ൽ രൂപവത്കൃതമായ ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിൽ 1970ൽ മാത്രമാണ് മണ്ഡലത്തിൽ മൂവർണക്കൊടി പാറിയത്.
കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാരാണ് അന്ന് വിജയിച്ചത്. അതിനുമുമ്പ് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ചുവപ്പിനെ മാത്രമാണ് മണ്ഡലം പ്രണയിച്ചത്. ഓരോ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഭൂരിപക്ഷം വർധിക്കാറാണ് പതിവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ശക്തനാണെങ്കിൽ ഇടതിെൻറ ഭൂരിപക്ഷത്തിൽ കാര്യമായ കുറവ് കാണാറുണ്ട്.
1965ൽ മണ്ഡലം പിറവിയെടുത്തപ്പോഴും '67ലെ തെരഞ്ഞെടുപ്പിലും സി.പി.എമ്മിലെ കെ.പി. രാഘവപ്പൊതുവാളാണ് വിജയിച്ചത്. രണ്ടു തവണയും കോൺഗ്രസിലെ എൻ.സി. വർഗീസായിരുന്നു എതിരാളി.
1970ൽ കെ.പി. രാഘവപ്പൊതുവാളെ പരാജയപ്പെടുത്തി സി.പി. ഗോവിന്ദൻ നമ്പ്യാർ മണ്ഡലത്തെ വലത്തോട്ട് ചായ്ച്ചു. 1977ൽ വലത് സ്വതന്ത്രനായ കെ. നാരായണൻ നമ്പ്യാരെ മലർത്തിയടിച്ച് അന്നത്തെ സി.പി.എമ്മിൻറ ശക്തനായ നേതാവ് എം.വി. രാഘവൻ മണ്ഡലം തിരിച്ചുപിടിച്ചു.
1980ൽ വലത് സ്വതന്ത്രൻ ടി.പി. ചന്ദ്രനെയും 1982ൽ കേരള കോൺഗ്രസ് എമ്മിലെ പി.ടി. ജോസിനെയും പരാജയപ്പെടുത്തി സി.പി. മൂസാൻകുട്ടി എം.എൽ.എയായി.
1987ൽ സി.എം.പി രൂപവത്കരണത്തോടെ വലതുപക്ഷത്തെത്തിയ സി.പി. മൂസാൻകുട്ടിയെ പരാജയപ്പെടുത്തി കെ.കെ.എൻ. പരിയാരവും 1991ൽ കോൺഗ്രസിലെ എം.കെ. രാഘവനെ തോൽപിച്ച് പാച്ചേനി കുഞ്ഞിരാമനും ഇടതുകോട്ട കാത്തു. 1996ൽ സതീശൻ പാച്ചേനിയെയും 2001ൽ കെ. സുരേന്ദ്രനെയും പരാജയപ്പെടുത്തി സി.പി.എമ്മിലെ എം.വി. ഗോവിന്ദൻ നിയമസഭ കണ്ടു.
2006ൽ സി.കെ.പി. പത്മനാഭൻ യു.ഡി.എഫിലെ ചന്ദ്രൻ തില്ലേങ്കരിയെ പരാജയപ്പെടുത്തി. 2011ൽ കേരള കോൺഗ്രസ്-എമ്മിലെ ജോബ് മൈക്കിളിനെയും 2016ൽ അതേ പാർട്ടിയിലെ രാജേഷ് നമ്പ്യാരെയും പരാജയപ്പെടുത്തി സി.പി.എമ്മിലെ ജെയിംസ് മാത്യുവാണ് വിജയിച്ചത്.
2011ൽ ഭൂരിപക്ഷം 27,861 ആയിരുന്നെങ്കിൽ 2016ൽ 40,617 ആയി വർധിച്ചു. 2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്രീമതിക്ക് കിട്ടിയത് 14,219 വോട്ടിെൻറ ഭൂരിപക്ഷം മാത്രമാണ്.
എന്നാൽ, 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ തളിപ്പറമ്പ് മണ്ഡലത്തിൽ 742 വോട്ടിെൻറ അട്ടിമറി വിജയം കരസ്ഥമാക്കിയിരുന്നു. അതുകൊണ്ടുതന്നെ തളിപ്പറമ്പ് മണ്ഡലത്തിൽ തന്നെയുള്ള ഒരാളെ സ്ഥാനാർഥിയാക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലം പുനർനിർണയിച്ചപ്പോൾ ഇടതു കോട്ടയായ മലപ്പട്ടം ഇരിക്കൂറിൽനിന്ന് തളിപ്പറമ്പിൽ എത്തിയത് ഇടതിന് വിജയസാധ്യത വർധിപ്പിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിൽ ഉണ്ടായിരുന്ന, വോട്ടുകൾ മാറിമറിയുന്ന പട്ടുവത്തെ തളിപ്പറമ്പിൽനിന്ന് ഒഴിവാക്കി കല്യാശ്ശേരിയിലേക്കും മാറ്റിയിരുന്നു. തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ്, ആന്തൂർ മുനിസിപ്പാലിറ്റികളും കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം എന്നീ ഗ്രാ മപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭ മണ്ഡലം. കണ്ണൂർ പാർലമെൻറ് മണ്ഡലത്തിൽ രണ്ടു നഗരസഭകൾ ഉൾക്കൊള്ളുന്ന മണ്ഡലവും തളിപ്പറമ്പ് മാത്രമാണ്.
2015ൽ തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ആന്തൂർ മുനിസിപ്പാലിറ്റി രൂപവത്കരിച്ചതോടെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി യു.ഡി.എഫാണ് ഭരിക്കുന്നത്.
മുസ്ലിം ലീഗിന് നിർണായക സ്വാധീനമുള്ള മേഖലയാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി. കൂടാതെ കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. ആന്തൂർ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷം ഇല്ലാതെയാണ് സി.പി.എം ഭരിക്കുന്നത്. മലപ്പട്ടം പഞ്ചായത്തിലും ഇടതിന് മികച്ച മേൽക്കൈയാണ്. മയ്യിൽ, കുറ്റ്യാട്ടൂർ, കുറുമാത്തൂർ, പരിയാരം തുടങ്ങിയ ഇടതുകേന്ദ്രങ്ങളും മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്.
കേരള കോൺഗ്രസ് എം മുന്നണിയിൽ നിന്നും പുറത്തുപോയ സാഹചര്യത്തിൽ തളിപ്പറമ്പിൽ കോൺഗ്രസ് മത്സരിക്കാനാണ് സാധ്യത. മുസ്ലിം ലീഗും തളിപ്പറമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിൽ ഡി.സി.സി ജന. സെക്രട്ടറി ടി. ജനാർദനനോ മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദോ ആയിരിക്കും മത്സരരംഗത്തുണ്ടാവുക. ലീഗ് മത്സരരംഗത്ത് എത്തുകയാണെങ്കിൽ ജില്ല ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സംസ്ഥാന നേതാവ് അഡ്വ. എസ്. മുഹമ്മദ്, മുൻ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം എന്നിവരിൽ ആരെങ്കിലും സ്ഥാനാർഥിയാവാനും സാധ്യതയുണ്ട്. സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, ബിജു കണ്ടക്കൈ, പി.കെ. ശ്യാമള എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.
മണ്ഡല സ്ഥിതി വിവരം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂർ, മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.