ഷാജ് കിരണുമായി സംസാരിച്ചെന്ന ആരോപണം; വിജിലൻസ് മേധാവി എം.ആർ. അജിത് കുമാറിനെ മാറ്റി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട ശബ്ദരേഖയുടെയും പിന്നാലെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റി. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് രാത്രിയോടെ പുറത്തിറങ്ങി. പകരം ചുമതല തൽക്കാലികമായി വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിന് നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. അജിത്കുമാറിന് പകരം നിയമനം നൽകിയിട്ടില്ല.
സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലും വാർത്തസമ്മേളനത്തിലും വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാറിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ സുഹൃത്ത് പി.എസ്. സരിത്തിനെ ലൈഫ് മിഷൻ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കസ്റ്റഡിയിലെടുത്തതും ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിജിലൻസ് ഡയറക്ടറെ മാറ്റിയത്.
തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തിയ ഷാജ്കിരണിനെ വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാർ വിളിച്ചിരുന്നെന്ന് ആരോപണവുമുയർന്നു. ഇതുസംബന്ധിച്ച് അജിത്കുമാർ യാതൊരു പരസ്യ പ്രതികരണവും നടത്തിയിരുന്നുമില്ല.
അജിത്കുമാർ ഷാജ്കിരണുമായി സംസാരിച്ചെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്തു. തുടർന്ന് ഡി.ജി.പി അനിൽകാന്തും അജിത്കുമാറിനോട് വിശദാംശങ്ങൾ തേടിയിരുന്നു. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് വിജിലൻസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന വിലയിരുത്തലുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.