തർക്കം തീർക്കാൻ ജോസഫ് പക്ഷവുമായി ഇന്ന് വീണ്ടും ചർച്ച
text_fieldsതിരുവനന്തപുരം: സീറ്റ് വിഭജനം പൂർത്തീകരിക്കുന്നതിന് കേരള കോൺഗ്രസ്-ജോസഫ് പക്ഷവുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്തും. ഇന്നലെ ഒൗദ്യോഗിക ചർച്ച നടന്നിെല്ലങ്കിലും നേതാക്കൾ തമ്മിൽ അനൗപചാരിക സംഭാഷണം നടന്നു.
12 സീറ്റ് വേണമെന്ന ആവശ്യത്തിൽ ജോസഫ് പക്ഷവും പരമാവധി ഒമ്പത് മാത്രമെന്ന നിലപാടിൽ കോൺഗ്രസും ഉറച്ചുനിൽക്കുകയാണ്. തർക്കം നീളുന്നത് തെരഞ്ഞെടുപ്പിൽ മുന്നണിയുടെ സാധ്യതകളെത്തന്നെ ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതിനാൽ എത്രയുംവേഗം തർക്കം പരിഹരിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടതുണ്ട്. വെള്ളിയാഴ്ച വൈകീട്ട് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചേരുംമുമ്പ് സീറ്റ് പങ്കിടൽ പൂർത്തീകരിക്കേണ്ടതും ആവശ്യമാണ്.
യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിെൻറ സീറ്റുകളുടെ പേരിലാണ് കാര്യമായ തര്‍ക്കം. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളെ കേന്ദ്രീകരിച്ചാണിത്. ഇൗ സീറ്റുകളിലെല്ലാം ജോസഫ് ഗ്രൂപ്പിനെപ്പോലെ കോൺഗ്രസിനും കണ്ണുണ്ട്. മൂവാറ്റുപുഴ സീറ്റിലും ഇരുകൂട്ടർക്കും താൽപര്യമുണ്ട്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിൽ ഒരെണ്ണം മാത്രമേ കോൺഗ്രസിന് നൽകാനാകൂവെന്നാണ് ജോസഫിെൻറ നിലപാട്.
ഇതിനോട് കോൺഗ്രസ് േയാജിക്കുന്നില്ല. അതിനിടെ, മൂവാറ്റുപുഴ നൽകിയാൽ പാർട്ടിക്ക് 10 സീറ്റ് മതിയാകുമെന്ന നിർദേശം ജോസഫ് വിഭാഗം അനൗപചാരികമായി മുന്നോട്ടുവെച്ചെങ്കിലും അംഗീകരിക്കാൻ കോൺഗ്രസ് തയാറല്ല.
ഇടുക്കി, തൊടുപുഴ, കോതമംഗലം സീറ്റുകൾക്കുപുറമെ മൂവാറ്റുപുഴ കൂടി ജോസഫ്പക്ഷത്തിന് നൽകിയാൽ ഇടുക്കിയുടെ ലോറേഞ്ചിൽ കോൺഗ്രസിന് സീറ്റൊന്നും ഇല്ലാത്ത സാഹചര്യമുണ്ടാകും.
ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയോടെ എങ്ങനെയും തർക്കം പരഹരിക്കാനാണ് ശ്രമം. അതേസമയം, കഴിഞ്ഞ തവണ പാർട്ടി മത്സരിച്ച 24 സീറ്റുകൾക്കു പുറമെ ബേപ്പൂർ അല്ലെങ്കിൽ പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകൾകൂടി നൽകാമെന്ന നിർദേശം ലീഗ് നേതൃത്വത്തെ കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ലീഗിെൻറ അഭിപ്രായം പാർട്ടിനേതൃയോഗം ചർച്ചചെയ്തശേഷം അടുത്ത ഉഭയകക്ഷി ചര്‍ച്ചയിൽ അറിയിക്കും.
ഇതോടൊപ്പം കഴിഞ്ഞതവണ ലീഗ് മത്സരിച്ച ബാലുശ്ശേരി, പുനലൂർ സീറ്റുകൾ കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം കുന്നമംഗലം, ചടയമംഗലം മണ്ഡലങ്ങൾ നൽകുന്നതും പരിഗണനയിലാണ്. പാലാ സീറ്റിനൊപ്പം എലത്തൂർ കൂടി മാണി സി. കാപ്പൻ നയിക്കുന്ന നാഷനലിസ്റ്റ് കോൺഗ്രസ് കേരളക്ക് നൽകിയേക്കും. ഫോർവേഡ് ബ്ലോക്കിന് നൽകേണ്ട സീറ്റിെൻറ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.