താലൂക്ക്തല അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തലങ്ങളിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. ജനുവരി 13 വരെയാണ് അദാലത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഡിസംബർ ഒമ്പത് മുതൽ 17 വരെയാണ് അദാലത്.
കോഴിക്കോട് ജില്ലയിൽ ഡിസംബർ ഒമ്പത് മുതൽ 13 വരെയും കോട്ടയം, കണ്ണൂർ ജില്ലകളിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെയുമാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഡിസംബർ 19 മുതൽ 27 വരെയാണ് അദാലത്. ഇടുക്കിയിൽ ഡിസംബർ 19 മുതൽ 24 വരെയും കൊല്ലത്ത് ഡിസംബർ 19 മുതൽ 26 വരെയും നടക്കും. വയനാട് ഡിസംബർ 28 മുതൽ ജനുവരി നാലുവരെയാണ് അദാലത്. കാസർകോട് ഡിസംബർ 28 മുതൽ ജനുവരി ആറു വരെയും ആലപ്പുഴയിൽ ജനുവരി മൂന്നു മുതൽ 13 വരെയുമാണ് അദാലത്. ഓരോ താലൂക്കിലും ഒരു ദിവസമായിരിക്കും അദാലത്.
പരാതികൾ ഡിസംബർ രണ്ടു മുതൽ സ്വീകരിക്കും
അദാലത്തിൽ പരിഗണിക്കാനുള്ള പരാതികൾ ഡിസംബർ രണ്ടു മുതലുള്ള പ്രവൃത്തിദിവസങ്ങളിൽ സ്വീകരിച്ചുതുടങ്ങും. ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫിസുകൾ വഴിയും പരാതി സമർപ്പിക്കാം. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങണം.
അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിൽ മാത്രമാണ് പരാതി സമർപ്പിക്കേണ്ടത്. മറ്റു പരാതികൾ വകുപ്പ് മേധാവികൾ/ വകുപ്പ് സെക്രട്ടറിമാർ/ വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in എന്ന പോർട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമർപ്പിക്കാം. അദാലത് ദിനത്തിൽ മന്ത്രിമാർ നേരിട്ട് പരാതി സ്വീകരിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നാണ് സർക്കാർ പുറത്തിറക്കിയ മാർഗരേഖയിലെ നിർദേശം.
നേരിട്ട് പരാതിയുമായി എത്തിയാൽ സ്വീകരിക്കുന്നതിനും പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അദാലത് വേദിയിൽ സംവിധാനമൊരുക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുത്ത് ജില്ല അദാലത് മോണിറ്ററിങ് സെല്ലിനെ അറിയിക്കണം.
പരിഗണിക്കുന്ന വിഷയങ്ങൾ:
ഭൂമി വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കം, വഴി തടസ്സപ്പെടുത്തൽ), സർട്ടിഫിക്കറ്റ് / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എ.പി.എൽ/ബി.പി.എൽ -ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിള സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭക അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവ, വന്യജീവി ആക്രമണം, സ്കോളർഷിപ് പരാതി/അപേക്ഷ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.
പരിഗണിക്കാത്ത വിഷയങ്ങൾ:
നിർദേശങ്ങൾ, അഭിപ്രായങ്ങൾ, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുള്ളവ/ പി.എസ്.സി വിഷയങ്ങൾ, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, ഭൂമി വിഷയങ്ങൾ-പട്ടയങ്ങൾ, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായത്തിനായുള്ള അപേക്ഷ, സാമ്പത്തിക സഹായ അപേക്ഷ (ചികിത്സാ സഹായം ഉൾപ്പെടെയുള്ളവ), ജീവനക്കാര്യം (സർക്കാർ), റവന്യൂ റിക്കവറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.