കൊല്ലത്ത് മലയോരത്തെങ്ങും പ്രചാരണത്തിന് തമിഴ്മയം
text_fieldsപുനലൂർ: കിഴക്കൻ മലയോരത്തെ തോട്ടംമേഖലയിൽ മിക്കയിടത്തും വോട്ട് തേടി തമിഴ് പോസ്റ്ററുകളും ബാനറുകളും ഉയർന്നുകഴിഞ്ഞു. സംസ്ഥാന അതിർത്തി പഞ്ചായത്തായ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ പഞ്ചായത്തുകളിലെ പല വാർഡുകളിലുമുള്ള തമിഴ് വോട്ടർമാരെ ഉദ്ദേശിച്ചാണ് സ്ഥാനാർഥികൾ തമിഴിലും പ്രചാരണം തുടങ്ങിയത്.
ഇവിടങ്ങളിൽ പല വാർഡുകളിലും സ്ഥിരതാമസക്കാരും വോട്ടർമാരുമായ തമിഴരാണ് ഇരുമുന്നണികളുടെയും സ്ഥാനാർഥികളും. തമിഴ് സ്ഥാനാർഥികളല്ലാത്ത വാർഡുകളിലും തമിഴ് വോട്ടർമാർ ഉള്ളതിനാൽ മലയാളം കൂടാതെ തമിഴിലാണ് മുന്നണികൾ പ്രചാരണം നടത്തുന്നതും.
ഏരൂർ, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽപെടുന്ന റിഹാബിലേറ്റഷൻ പ്ലാേൻറഷനിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ശ്രീലങ്കൻ തമിഴ് അഭയാർഥി കുടുംബങ്ങളാണ്. തെന്മല വാലിയിലെയടക്കം ഈ മേഖലയിലെ മിക്ക സ്വകാര്യ എസ്റ്റേറ്റുകളിലേയും ഭൂരിഭാഗം തൊഴിലാളികളും തമിഴരുടെ പിന്മുറക്കാരാണ്.
നാടുമായി അഭേദ്യബന്ധം ഇപ്പോഴും നിലനിർത്തുന്ന ഇവരിൽ ഭൂരിഭാഗത്തിനും മലയാളം അറിയാമെങ്കിലും വോട്ടെടുപ്പ് വരുമ്പോൾ ഇവരെ സ്വാധീനിക്കാൻ പാർട്ടിക്കാർ തമിഴ് ഉപയോഗിക്കാറുണ്ട്. ആര്യങ്കാവിൽ അമ്പനാട്, അമ്പനാട് ഈസ്റ്റ്, വെഞ്ച്വർ, ഫ്ലോറൻസ്, പൂത്തോട്ടം, നെടുമ്പാറ വാർഡുകളിലും തെന്മലയിൽ ചാലിയക്കര, ചെറുകടവ്, നാഗമല വാർഡുകളിലും കുളത്തുപ്പുഴയിൽ കൂവക്കാട്, ഏരൂരിൽ ആയിരനല്ലൂർ, മേഖലകളിലും തമിഴ് വോട്ടർമാർ നിർണായകമാണ്. മുമ്പ് ഈ മേഖലയിലെ പ്രചാരണത്തിന് തമിഴ്നാട്ടിൽ നിന്നുള്ള രാഷ്ട്രീയനേതാക്കളെ പാർട്ടിക്കാർ എത്തിക്കാറുണ്ടായിരുന്നു. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇത്തവണ അതുണ്ടാകിെല്ലന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.