മുല്ലപ്പെരിയാർ ശിൽപ്പിയുടെ പിറന്നാൾ ആഘോഷമാക്കി തമിഴ്നാട്
text_fieldsകുമളി: തമിഴ്നാട്ടിലെ വരണ്ട ഭൂമിയെ പച്ചപ്പണിയിച്ച വിപ്ലവകരമായ തീരുമാനത്തിന്‍റെ ഉടമയായ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശിൽപി, ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്‍റെ പിറന്നാൾ പൊങ്കൽ ദിനത്തിൽ ആഘോഷിച്ച് തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമാണത്തോടെയാണ് വരണ്ടുണങ്ങി വിണ്ടുകീറി കിടന്നിരുന്ന തേനി, മധുര, ദിണ്ടുക്കൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ കൃഷിയിടങ്ങിലേക്ക് വെള്ളം എത്തിയത്.
ഇതോടെ ഈ മേഖലയിലെ കർഷകരുടെയും നാട്ടുകാരുടെയും കൺകണ്ട ദൈവമായി ബ്രിട്ടീഷ് എൻജിനീയർ മാറി.വർഷം തോറും ജനുവരി 15ന് അദ്ദേഹത്തിന്‍റെ പിറന്നാൾ ഏറെ ഭക്തി ആദരവ് പൂർവമാണ് തമിഴ് ജനത കൊണ്ടാടുന്നത്.1841 ജനുവരി 15 നാണ് പെന്നി ക്വിക്ക് ജനിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പിൽ 2013 ൽ 1.25 കോടി രൂപ ചെലവിലാണ് സ്മാരകം നിർമിച്ചത്.
തമിഴ്നാട് മുഴുവൻ പൊങ്കൽ ആഘോഷിക്കുന്നതിനിടെയാണ് മുല്ലപ്പെരിയാർ ശിൽപിയുടെ പിറന്നാളും കടന്നുവരുന്നത്.ഇദ്ദേഹത്തോടുള്ള ആദര സൂചകമായി 2019 മുതൽ പിറന്നാൾ ആഘോഷം സർക്കാർ നേരിട്ടാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി 182ാം പിറന്നാൾ ദിനമായിരുന്ന ഞായറാഴ്ച ലോവർ ക്യാമ്പ് സ്മാരകത്തിലെ ശിലയിൽ മാലയിട്ടും പൂജകൾ നടത്തിയുമാണ് ആഘോഷം തുടങ്ങിയത്.
പൊങ്കൽ ചോറ് വെച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഗ്രാമങ്ങൾ തോറും പിറന്നാൾ ആഘോഷമാക്കി. തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസ്വാമി നേതൃത്വം നൽകി. മുൻ മുഖ്യമന്ത്രി ഒ. പന്നീർെശൽവം, എം.എൽ.എ മാരായ രാമകൃഷ്ണൻ, മഹാരാജൻ, ശരവണ കുമാർ, കലക്ടർ മുരളീധരൻ തുടങ്ങിയവർ സ്മാരകത്തിലെത്തി ആദരവ് അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.