തമിഴ്നാട് മോഡൽ; ‘സെന്ന’യെ കാടുകടത്താൻ വനംവകുപ്പിന് പുതുപദ്ധതി
text_fieldsകൽപറ്റ: വനത്തെ കാർന്നുതിന്നുന്ന സെന്ന (മഞ്ഞക്കൊന്ന) മരത്തെ ഇല്ലാതാക്കാൻ വനംവകുപ്പിന്റെ പുതിയ പദ്ധതി. സംരക്ഷിതവനങ്ങളിൽനിന്ന് ഒരുതരത്തിലുമുള്ള മരംമുറിയും പാടില്ലെന്ന നിയമമുള്ളതിനാൽ സെന്ന അടക്കമുള്ള അധിനിവേശ മരങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് തടസ്സങ്ങളുണ്ട്.
എന്നാൽ, ഒരു ചെടിയെ കളയായി സർക്കാർ പരിഗണിക്കുകയാണെങ്കിൽ അവയെ ഇല്ലാതാക്കാമെന്ന് കഴിഞ്ഞ വർഷം ചെന്നൈ ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം കടുവസങ്കേതങ്ങളിൽ സെന്ന മരങ്ങൾ ഒഴിവാക്കൽ നേരത്തേ തുടങ്ങിയിരുന്നു.
തമിഴ്നാട് ന്യൂസ് പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡുമായി (ടി.എൻ.പി.എൽ) സഹകരിച്ചായിരുന്നു ഇത്. ഇതേ മാതൃകയിൽ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡുമായി (കെ.പി.പി.എൽ) സഹകരിച്ചാണ് കേരള വനംവകുപ്പ് പുതുപദ്ധതി തയാറാക്കുന്നത്. പരീക്ഷണാർഥം വയനാട് വന്യജീവി സങ്കേതത്തിലാണ് ആദ്യം നടപ്പാക്കുക. 34,440 ഹെക്ടറിലാണ് സങ്കേതം വ്യാപിച്ചുകിടക്കുന്നത്. ഇതിൽ 5000 ഹെക്ടറും സെന്ന ഭീഷണിയിലാണ്. മരം ടണിന് 350 രൂപയാണ് കെ.പി.പി.എൽ വനംവകുപ്പിന് നൽകുക.
ഒഴിവാക്കുന്ന മരങ്ങൾ കടലാസ് നിർമാണത്തിനുള്ള പൾപ്പിനായാണ് കെ.പി.പി.എൽ ഉപയോഗിക്കുക. അതേസമയം, മാനദണ്ഡങ്ങൾ ഇല്ലാതെയാണ് പദ്ധതി തയാറാക്കുന്നതെന്നും വേരോടെ പിഴുതില്ലെങ്കിൽ പൂർവാധികം ശക്തിയോടെ മരങ്ങൾ തഴച്ചുവളരുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ ചെന്നൈ കോടതി വിധി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും വേരോടെ പിഴുതുമാറ്റണമെന്ന് നിഷ്കർഷിച്ചിട്ടില്ല. എന്നാൽ, നേരത്തേ വിവിധ നിർമാർജന പദ്ധതികളിലൂടെ തൊലികളഞ്ഞ സെന്ന മരത്തിന്റെ മുകൾ ഭാഗമാണ് പുതിയ പദ്ധതി വഴി മുറിച്ചുമാറ്റുകയെന്നും വേരുകളിൽനിന്ന് വളരുന്ന തൈകൾ നശിപ്പിക്കുമെന്നും വയനാട് വന്യജീവി സങ്കേതം വാർഡൻ ദിനേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നോ നാലോ വർഷം നീളുന്ന തുടർപ്രക്രിയയായിരിക്കും ഇത്. തൊലി നീക്കിയ നിരവധി മരങ്ങൾ ഇതിനകം നശിച്ചിട്ടുമുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെ.എഫ്.ആർ.ഐ) പഠനങ്ങൾക്ക് ശേഷമുള്ള പദ്ധതി ജൂലൈ മധ്യത്തോടെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്ന മരം അഥവാ രാക്ഷസ മരം
തെക്കേ അമേരിക്കയിലെ വനങ്ങളിൽ ധാരാളമായി കാണപ്പെടുന്ന സെന്ന മരം സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി 1984ലാണ് കേരള വനംവകുപ്പ് പ്രോത്സാഹിപ്പിച്ചത്. മുത്തങ്ങ പൊൻകുഴി നഴ്സറിയിൽനിന്ന് തൈകൾ പൊതുജനങ്ങൾക്കടക്കം വിതരണം ചെയ്തു. 2010ഓടെയാണ് ഇതിന്റെ അപകടം തിരിച്ചറിയുന്നത്. ഈ മരങ്ങൾക്ക് സമീപം മറ്റു സസ്യങ്ങളോ പുല്ലോ വളരില്ല. വനത്തിന്റെ അന്തകനായി മാറുന്ന അധിനിവേശമരമായി സെന്ന വളർന്നുപന്തലിച്ചു.
കർണാടകയിലെയും തമിഴ്നാട്ടിലെയും വനങ്ങളിലേക്കും വ്യാപിച്ചു. രണ്ടുവർഷംകൊണ്ട് വളർച്ചയെത്തി പുഷ്പിക്കും. ഒരു മരത്തിൽനിന്ന് വർഷം 6000 കായകളെങ്കിലും ഉണ്ടാകും. എട്ടുവർഷം വരെ ഇവ കേടുകൂടാതെയിരിക്കും. ഇതിൽനിന്ന് അതിവേഗം പുതിയ മരങ്ങൾ ഉണ്ടാവും. തൊലിയും ഇലയും കായും പൂവും വിഷമയമായതിനാൽ പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും ഹാനികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.