അട്ടപ്പാടി ഭൂസമര നേതാവ് സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മയുടെ ഭൂസമരത്തിനടക്കം നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ എം. സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പാലു വാങ്ങാൻ പുറത്തുപോയ സുകുമാരൻ മടങ്ങി വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലെ എഫ്ഐആർ പ്രകാരം തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതെന്ന് മകൻ പറഞ്ഞു.
തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് സുകുമാരനെ അറസ്റ്റ് ചെയ്തതത്രെ. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അട്ടപ്പാടിയിൽ മാഫിയ സംഘം ആദിവാസികളുടെ ഭൂമി കൈയേറുന്നതിനെതിരെ പോരാട്ടം നടത്തുന്ന സാമൂഹ്യ പ്രവർത്തകനാണ് സുകുമാരൻ. ഏതാണ്ട് 600ലധികം ഏക്കർ ഭൂമി കാറ്റാടി കമ്പനി കൈയ്യേറിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ഇദ്ദേഹമായിരുന്നു.
വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചിയമ്മയുടെ പരാതി. കൈയേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചിയമ്മ. അഗളിയിലെ സ്വകാര്യവ്യക്തി വ്യാജ നികുതി രസീത് സംഘടിപ്പിച്ച് തന്റെ ഭൂമി കൈയേറിയെന്നാണ് ഇവരുടെ പരാതി. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചിയമ്മ ആരോപിക്കുന്നു.
നഞ്ചിയമ്മയടക്കം അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സംബന്ധിച്ച രേഖകൾ സർക്കാർ ഓഫിസുകളിൽ നിന്ന് ശേഖരിച്ച് നിയമനടപടിക്ക് സഹായം നൽകുന്നത് സുകുമാരനാണ്. ഹൈകോടതി ചീഫ് ജസ്റ്റിസിനെ കണ്ട് അട്ടപ്പാടിയിലെ കൈയ്യേറ്റത്തെ കുറിച്ച് ഇദ്ദേഹം മൊഴി നൽകിയിരുന്നു. തുടർന്ന് ലീഗൽ സർവീസ് സൊസൈറ്റിയെ അന്വേഷണം ഏൽപ്പിച്ചിരുന്നു.
സുകുമാറിനെതിരെ നിരവധി കേസുകൾ ഭൂമാഫിയ പല കോടതികളിലായി നൽകിയിട്ടുണ്ട്. അതിൽ ഏറെയും കോടതി തള്ളിക്കളഞ്ഞിരുന്നു.. സുകുമാരന്റെ അറസ്റ്റിൽ കെ.കെ രമ എം.എൽ.എ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.