തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വ്യാപക അരിക്കടത്ത്
text_fieldsവാളയാർ: കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടേക്ക് തമിഴ്നാട്ടിൽനിന്ന് വൻതോതിൽ നെല്ലും അരിയും അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി കടത്തുന്നു.
സ്പിരിറ്റും ചന്ദനവും ഒടുവിൽ ഇറച്ചിക്കോഴിയും അനധികൃതമായി കടന്നുവന്നിരുന്ന വാളയാർ, മീനാക്ഷി പുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലൂടെയാണ് കള്ളക്കടത്തായി അരിയും നെല്ലും വൻതോതിൽ വരുന്നത്. ദിവസത്തിൽ നാനൂറിലധികം ലോഡ് നെല്ലും അരിയും നികുതി വെട്ടിച്ച് കടന്നുവരുന്നതായാണ് വിവരം. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് അരി കൊണ്ടുവരാൻ നിയന്ത്രണം ഉണ്ടെങ്കിലും കേരളത്തിലെ അരി മില്ലുകൾ കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് അരങ്ങേറുന്നത്. സംസ്ഥാനത്തിന് ആവശ്യമായ മുഴുവൻ അരിയും നൽകിയിരുന്ന പാലക്കാട്ടെ നെല്ലറയിലേക്ക് തമിഴ്നാട്ടിൽനിന്നും നെല്ലും അരിയും കൊണ്ടുവരേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ നെല്ലുൽപ്പാദനം കുറഞ്ഞ ദുരവസ്ഥയാണ് ഇന്നുള്ളത്.
തമിഴ്നാട്ടിൽ രണ്ട് രൂപക്ക് ലഭിക്കുന്ന റേഷനരിയും ആറുമുതൽ എട്ട് രൂപക്കുവരെ ലഭിക്കുന്ന മറ്റ് അരികളും വാങ്ങി പോളിഷ് ചെയ്ത് ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്പനികളുടെ ബ്രാന്റ് നെയിം ഉപയോഗിച്ച് കൂടിയ വിലക്ക് വിൽക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലേയും തമിഴ്നാട്ടിലേയും അരിയേക്കാൾ മാർക്കറ്റിൽ വില കൂടുതലാണ് ആന്ധ്ര, കർണാടക ബ്രാൻഡ് നെയിം അരികൾക്ക്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് അരി കൊണ്ടുവരുമ്പോൾ വിറ്റ ആളിന്റേയും വാങ്ങുന്ന ആളിന്റേയും വിവരങ്ങൾ മാത്രം മതിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരം രേഖകൾ ഉണ്ടാക്കിയാണ് കേരളത്തിലെ വമ്പന്മാരായ മില്ലുടമകൾ അനധികൃതമായി തമിഴ്നാട്ടിൽനിന്ന് അരിയും നെല്ലും കടത്തികൊണ്ടുവരുന്നുത്. രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾ അംഗീകൃത വ്യാപാരികളുടെ വണ്ടി രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചും അരി കള്ളക്കത്ത് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.