തങ്ങന്മാരുടെ നന്മ സിനിമയിലെടുത്ത തമിഴ് തിരക്കഥാകൃത്ത് പാണക്കാട്ട്
text_fieldsമലപ്പുറം: അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമ 'ബ്ലഡ് മണി'യിലെ ഒരു രംഗം. മാധ്യമപ്രവര്‍ത്തക: ''കാളിയപ്പെൻറ (അത്തിമുത്തുവിന് സിനിമയില്‍ നല്‍കിയിരിക്കുന്ന പേര്) അമ്മ പറഞ്ഞത് അവർ നഷ്ടപരിഹാരത്തുക അഞ്ച് ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങള്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?'' ഓഫിസിലെ ആള്: ''അതെ. മുനവ്വറലി ശിഹാബ് തങ്ങള്‍. അവരുടെ പിതാവ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദുവോ മുസ്ലിമോ എന്ന് നോക്കില്ല, എല്ലാവരെയും സഹായിക്കും'' -കുവൈത്ത് ജയിലിൽ വധശിക്ഷ കാത്ത് കിടന്ന തമിഴ്നാട്ടുകാരൻ അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മുനവ്വറലി തങ്ങളുടെ ഇടപെടലായിരുന്നു വിഷയം. തമിഴ് ജനതയുടെ ആദരവും നന്ദിയും അറിയിക്കാൻ സിനിമക്ക് കഥയും തിരക്കഥയുമെഴുതിയ നബീൽ അഹമ്മദ് ചൊവ്വാഴ്ച പാണക്കാട്ടെത്തി.
കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥയാണ് 'ബ്ലഡ് മണി' പറയുന്നത്. കാളിയപ്പൻ എന്നയാളെ രക്ഷിക്കാൻ വേണ്ടി ഒരു മാധ്യമപ്രവർത്തക നടത്തുന്ന ശ്രമങ്ങളിലൂടെ ചിത്രം കടന്നുപോവുന്നു. പെരിന്തൽമണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിൽ കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അർജുനൻ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതി 2017ൽ മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചിരുന്നു. ഇതുവഴി സമാഹരിച്ച 25 ലക്ഷം രൂപയും മാലതിയുടെ അഞ്ച് ലക്ഷം രൂപയും കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തി മുനവ്വറലി തങ്ങൾ തന്നെ കൈമാറി. അത്തിമുത്തുവിന് മാപ്പ് നൽകിയെന്ന രേഖയും കുടുംബം നൽകി. ഈ സംഭവമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ.എം. സർജുൻ ആണ് സംവിധായകൻ. മുനവ്വറലി തങ്ങളെയും ശിഹാബ് തങ്ങളെയും പരാമർശിക്കുന്ന രംഗം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആദ്യമായാണ് തമിഴ് സിനിമയിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ യഥാർഥ പേരും അതിലെ നേതാക്കളുടെ വലിയ പ്രവൃത്തികളെയും എടുത്തുപറയുന്നതെന്ന് നബീൽ അഹമ്മദ് വ്യക്തമാക്കി. തിരക്കഥാകൃത്തിനെ മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ് എം.പി, ബഷീറലി ശിഹാബ് തങ്ങൾ എന്നിവർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.