താമിര്‍ ജിഫ്രി കസ്റ്റഡി മരണം: കുറ്റപത്രം കോടതി മടക്കി, ഉയർന്ന ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന് താമിറിന്റെ സഹോദരൻ
text_fieldsകൊച്ചി: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കി. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ പ്രതികളാക്കിയാണ് സി.ബി.ഐയും കുറ്റപത്രം നൽകിയത്. എന്നാൽ, കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച രേഖകളിലെ സാങ്കേതിക പിഴവുകളെത്തുടർന്നാണ് കുറ്റപത്രം മടക്കിയത്.
ഒന്നുമുതല്‍ നാലുവരെ പ്രതികളായ താനൂര്‍ സ്‌റ്റേഷനിലെ സി.പി.ഒ ജിനേഷ്, പരപ്പനങ്ങാടി സ്‌റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, കല്‍പകഞ്ചേരി സ്‌റ്റേഷനിലെ സി.പി.ഒ അഭിമന്യു, തിരൂരങ്ങാടി സ്‌റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവരെയാണ് സി.ബി.ഐ പ്രതി ചേർത്തിരുന്നത്.
2023 ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. സി.ബി.ഐ കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍, സമയബന്ധിതമായി കുറ്റപത്രം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതോടെ കോടതി പ്രതികൾക്ക് ജാമ്യം നൽകിയിരുന്നു.
ഉയർന്ന ഉദ്യോഗസ്ഥരെ പ്രതിചേർക്കണം -താമിർ ജിഫ്രിയുടെ സഹോദരൻ
തിരൂരങ്ങാടി: താമിർ ജിഫ്രി കസ്റ്റഡി മരണത്തിൽ സി.ബി.ഐയുടെ കുറ്റപത്രം തള്ളിയ കോടതിവിധിയിൽ സന്തോഷമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. സി.ബി.ഐ കുറ്റപത്രം വെറും നാല് പ്രതികളെ മാത്രമാണ് ചൂണ്ടിക്കാട്ടുന്നത്. ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ഭാഗമായ ഈ കേസിൽ അവരെക്കൂടി പ്രതി ചേർത്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദിയായ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ പേരെയും നീതിപീഠം ശിക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.