തങ്ക അങ്കി ഘോഷയാത്ര 22ന്; കോവിഡ് പ്രോട്ടോകോള്‍ പാലിക്കും
text_fieldsശബരിമല: തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ശബരിമലക്ക് പുറപ്പെടും. 25ന് ഉച്ചക്ക് പമ്പയിലെത്തും. വൈകീട്ട് ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വം സ്വീകരണം നല്‍കും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് സമര്‍പ്പിച്ച 453 പവന് തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താൻ ഘോഷയാത്രയായി കൊണ്ടുവരുന്നത്.
സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരത്തിന് മുന്നില്‍ ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 26ന് ഉച്ചക്കാണ് മണ്ഡലപൂജ. ഇക്കുറി തങ്ക അങ്കി ഘോഷയാത്രക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ആറന്മുളയില്നിന്ന് ആരംഭിച്ച് പമ്പയില്‍ അവസാനിക്കുന്നതുവരെ വഴിനീളെ സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല. ജങ്ഷനുകളിലെ സ്വീകരണവും ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഭക്തര്‍ക്ക് സ്വീകരണത്തിന് അവസരം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് അഡ്വ. എന്‍. വാസു പറഞ്ഞു. ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഘോഷയാത്രയില്‍ സമൂഹ അകലം പാലിക്കണമെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.