ജലദുരന്തം: ബോട്ടുടമ നാസർ റിമാൻഡിൽ; കേസ് കൊലക്കുറ്റത്തിന്
text_fieldsമലപ്പുറം: താനൂർ ജലദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോട്ടുടമ പാട്ടരകത്ത് നാസറിനെ കോടതി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് പ്രതിയെ റിമാൻഡ് ചെയ്തത്. മലപ്പുറത്തുനിന്ന് രാവിലെ വൈദ്യപരിശോധനക്ക് ശേഷം വൈകീട്ടാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് ബുധനാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
നിലവിൽ കൊലപാതക കുറ്റം ചുമത്തിയാണ് നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് നടപടി. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവറടക്കം രണ്ടിലധികം പേർ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായി പൊലീസിന് അനധികൃത ബോട്ട് സർവിസുകളെ നിയന്ത്രിക്കുന്നതിന് പ്രയാസമുണ്ട്. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട മേഖലയാണിത്. ലൈസൻസ് നൽകുന്നതും പരിശോധന നടത്തേണ്ടതുമെല്ലാം അതുമായി ബന്ധപ്പെട്ട വകുപ്പുകളാണെന്ന് നിയമത്തിൽ പറയുന്നുണ്ട്.
പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ഈ കേസിലെ ക്രിമിനൽ നടപടികളെക്കുറിച്ച് വ്യക്തമാക്കാനാവുകയുള്ളൂവെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.